21 December Saturday

ഇനി പത്തൊരുക്കം ; ഏഴാംക്ലാസിൽ മികച്ച വിജയവുമായി ഇന്ദ്രൻസ്

സ്വന്തം ലേഖികUpdated: Friday Nov 15, 2024


തിരുവനന്തപുരം
ഏഴാംക്ലാസെന്ന കടമ്പ ആദ്യശ്രമത്തിൽ കടന്ന് പ്രിയനടൻ ഇന്ദ്രൻസ്. സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിൽ 500ൽ 297 മാർക്ക് നേടിയാണ് വിജയം. മലയാളത്തിന് 55, ഇംഗ്ലീഷിന് 28, ഹിന്ദിക്ക് 34, സാമൂഹ്യശാസ്ത്രത്തിന് 66, അടിസ്ഥാന ശാസ്ത്രത്തിന് 62, ഗണിതത്തിന് 52 എന്നിങ്ങനെയാണ് മാർക്ക്. "ഇനി പത്ത് പാസാകണം. സിനിമയുടെ തിരക്കുകൾക്കിടയിൽ ആ കടമ്പയും കടക്കണമെന്നാണ് ആ​ഗ്രഹം’–-  ഇന്ദ്രൻസ് പ്രതികരിച്ചു. പരീക്ഷ ജയിച്ചതിൽ സന്തോഷമുണ്ട്. ജീവിതത്തിന്റെ തിരക്കിൽ ചെയ്യാൻ കഴിയാതെപോയ ഒരുകാര്യം ചെയ്‌തതിന്റെ സമാധാനമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളി ഉച്ചയോടെ ഫലംവന്നപ്പോൾ വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. സുഹൃത്തുക്കളാണ് വിവരം വിളിച്ചറിയിച്ചത്. ഷൂട്ടിങ്ങ് തിരക്കൊഴിഞ്ഞശേഷം ആശംസകളറിയിച്ചവരെ തിരികെ വിളിച്ചു നന്ദിയറിയിച്ചു.

നവകേരളസദസിന്റെ ഭാ​ഗമായുള്ള പ്രഭാതസദസിലായിരുന്നു തുടർപഠനത്തിന് ഇന്ദ്രൻസ് താൽപര്യം അറിയിച്ചതും പത്തിലേക്കുള്ള അപേക്ഷ കൈമാറിയതും. എന്നാൽ പത്താംക്ലാസിലേക്ക് ഏഴാംക്ലാസ് വിജയമാണ് യോ​ഗ്യതയെന്ന സാക്ഷരതാ മിഷന്റെ ചട്ടമുള്ളതിനാലാണ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളായിരുന്നു പരീക്ഷാകേന്ദ്രം.

സംസ്ഥാന സാക്ഷരതാ മിഷൻ ഏഴാംതരം തുല്യതാകോഴ്സിൽ ഇത്തവണ പരീക്ഷയെഴുതിയ 1043 പേരിൽ 1007 പേർ വിജയിച്ചു. 396 പുരുഷന്മാരും 611 സ്ത്രീകളുമാണ് വിജയികൾ. നാലാംതരം തുല്യതാകോഴ്സ് പരീക്ഷയെഴുതിയ 487 പേരിൽ 476 പേരും വിജയിച്ചു.150 പുരുഷന്മാരും 326 സ്ത്രീകളും. തുല്യതാപരീക്ഷ വിജയിച്ച ഇന്ദ്രൻസിനെയും സഹപഠിതാക്കളെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top