22 December Sunday

വ്യാവസായിക വളർച്ചയ്ക്കായി കേരളത്തിനും തമിഴ്‌നാടിനും സഹകരിക്കാനാകും: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം > വ്യാവസായിക വികസനത്തിനായി കേരളത്തിനും തമിഴ്‌നാടിനും പരസ്പരപൂരകമായ സഹകരണം പല തലങ്ങളിലും സാധ്യമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതിനായി ഇരുസംസ്ഥാനങ്ങളിലേയും വിഭവങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരുമിച്ച് വളരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷനും (കെഎസ്ഐഡിസി) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) സംയുക്തമായി ചെന്നൈയിൽ സംഘടിപ്പിച്ച  നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേരളത്തിൽ പൊതുവെ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളത്. കേരളത്തിലെ വ്യവസായരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവാണ്. ഈ പ്രശ്ന പരിഹരിക്കുന്നതിനും വിവിധ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ പുതുതായി കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭൂമി ലഭ്യതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വ്യാവസായിക സൗഹൃദ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. സ്വകാര്യ വ്യവസായ പാർക്കുകളും കാമ്പസ് വ്യവസായ പാർക്കുകളും പ്രോത്സാഹിപ്പിക്കുന്നത് ഇതിൻറെ ഭാഗമാണ്. ലാൻഡ് അലോട്ട്മെൻറ് നയത്തിലെ ഭേദഗതി അനുസരിച്ച് കുറഞ്ഞത് 10 ഏക്കർ വ്യാവസായിക ഭൂമി ആവശ്യമുള്ള പദ്ധതികൾക്ക് 60 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ നല്കാനുമാകും.

ഓരോ പ്രദേശത്തേയും ഭൂമി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന ലാൻഡ് പൂളിംഗ് പോളിസിയും വലിയ ചുവടുവയ്പ്പാണ്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥല ഉടമകളുടെ സമ്മതപ്രകാരം ഭൂമി നല്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിലൂടെ സാധിക്കും. വ്യവസായങ്ങൾ തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനുമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാണ്.

ഇരു സംസ്ഥാനങ്ങളുടെയും വ്യാവസായിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സഹായകമാകുമെന്ന് ചോദ്യങ്ങൾക്ക് ഉത്തരമായി മന്ത്രി പറഞ്ഞു. 20 കിമീ പരിധിയിൽ ലോജിസ്റ്റിക് പാർക്കുകൾ തുറക്കാനുള്ള പദ്ധതിയും സർക്കാരിനുണ്ട്. റേറ്റിംഗ് ഏജൻസികളുടെ മൂല്യനിർണ്ണയം അനുസരിച്ച് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിനുണ്ട്. ഐടി സ്ഥാപനങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാണ്.

വ്യവസായ ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന സംരംഭങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷവും മൂന്ന് മാസവും കൊണ്ട് 2.65 ലക്ഷം എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ഉത്തരവാദിത്ത നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നതാണ് സംസ്ഥാനത്തിൻറെ നയമെന്നും മന്ത്രി വ്യക്തമാക്കി.

കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ എസ്‌ ഹരികിഷോർ, സിഐഐ തമിഴ് നാട് ഘടകം ചെയർമാൻ ശ്രീവത്സ് റാം, സിഐഐ കേരള ഘടകം ചെയർമാൻ വിനോദ് മഞ്ഞില, വ്യവസായി ശ്രീനാഥ് വിഷ്ണു എന്നിവരും യോഗത്തിൽ സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top