19 September Thursday

വ്യവസായ വികസനത്തിന്റെ പുതിയ നാഴികക്കല്ല്‌ ; ക്യാമ്പസ്‌ വ്യവസായ പാർക്ക് പദ്ധതിക്ക് ഇന്ന് തുടക്കം

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024



തിരുവനന്തപുരം
വ്യവസായങ്ങൾക്കുള്ള ഭൂമിലഭ്യതയിലെ കുറവ് മറികടക്കാനും വിദ്യാർഥികളിൽ സംരംഭകത്വ താൽപ്പര്യം വളർത്താനും സംസ്ഥാന സർക്കാർ രൂപംനൽകിയ നൂതന ആശയമായ ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമിയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉൽപ്പാദനം വേഗത്തിൽ ആരംഭിക്കാൻ ഇത്‌ വഴിയൊരുക്കും.

പദ്ധതിയുടെ മാർഗരേഖ ഫെബ്രുവരിയിൽ പുറത്തിറക്കിയിരുന്നു. 
  കുറഞ്ഞത്‌ അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. സ്റ്റാന്റേഡ് ഡിസൈൻഫാക്ടറിക്ക്‌ രണ്ട് ഏക്കർ മതിയാകും. 30 വർഷത്തേക്കാണ് ഡവലപ്പർ പെർമിറ്റ്‌ അനുവദിക്കുക. പെർമിറ്റ്‌ ലഭിക്കുന്ന ഭൂമിക്ക്‌ കേരള ഏകജാലക ക്ലിയറൻസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡവലപ്മെന്റ്‌ ആക്ട് എന്നിവക്ക് കീഴിൽ ലഭിക്കുന്ന മുഴുവൻ ആനുകൂല്യത്തിനും അർഹതയുണ്ടാകും.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌ വെബ്‌ പോർട്ടൽ മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്‌. ജില്ലാതല സൈറ്റ് സെലക്‍ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്ന അപേക്ഷകൾ വകുപ്പുതല സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച്‌ പെർമിറ്റ്‌ നൽകും. പാർക്കിലെ പൊതു സൗകര്യങ്ങളായ റോഡ്‌, വൈദ്യുതി, ഡ്രെയ്നേജ്, മാലിന്യ നിർമാർജന പ്ലാന്റ്‌, ലാബ്, ടെസ്റ്റിങ്‌ ആൻഡ്‌ സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കാൻ ഏക്കറിന്‌ 20 ലക്ഷം രൂപ നിരക്കിൽ പരമാവധി 1.5 കോടി രൂപവരെ നൽകും. സ്റ്റാന്റേഡ് ഡിസൈൻ ഫാക്ടറിക്ക്‌ കെട്ടിടനിർമാണം ഉൾപ്പടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 1.5 കോടി രൂപയും സർക്കാർ നൽകും. എസ്റ്റേറ്റുകളിലെ അടിസ്ഥാന  സൗകര്യവികസനം പൂർത്തിയാക്കുന്ന മുറയ്‌ക്കാണ്‌ തുക അനുവദിക്കുക.
തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്യും.
 ഓൺലൈൻ പോർട്ടൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top