24 December Tuesday

വ്യവസായ സൗഹൃദ റാങ്കിങ്‌ : മുന്നേറ്റം തുടരാൻ നടപടി , ഈ വർഷം 296 പരിഷ്കാരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


തിരുവനന്തപുരം
വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നേടിയ മുന്നേറ്റം തുടരാൻ 2024ൽ കേന്ദ്രം  നിഷ്കർഷിച്ച പരിഷ്കാരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനൊരുങ്ങി  സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വ്യവസായം, തദ്ദേശഭരണം, തൊഴിൽ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേർന്നു. 296 പരിഷ്കാരങ്ങളാണ് ഈ വർഷം നടപ്പാക്കേണ്ടത്.

സുപ്രധാന പരിഷ്കാരങ്ങൾ ഈ മൂന്ന് വകുപ്പിലായതിനാലാണ് ആദ്യഘട്ടത്തിൽ ഇവർക്കായി യോഗം വിളിച്ചത്. പരിഷ്കാരങ്ങൾ സമയബന്ധിതമായി  നടപ്പാക്കാനാകുമെന്നാണ്‌ കരുതുന്നത്‌. എല്ലാ മാസവും അവലോകന യോഗങ്ങൾ വിളിച്ചുചേർക്കും. കൂട്ടായ സഹകരണത്തിലൂടെയാണ് നേട്ടം കൈവരിച്ചതെന്നുപറഞ്ഞ മന്ത്രി പി രാജീവ്‌ അതിന് തദ്ദേശഭരണം, തൊഴിൽ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് പ്രത്യേക നന്ദിയും പറഞ്ഞു.

മുപ്പതു മേഖലകളിലായി നടപ്പാക്കേണ്ടുന്ന പരിഷ്കാരങ്ങളിൽ ഒമ്പതു വിഭാഗങ്ങളിൽ മുന്നിലെത്തി സംസ്ഥാനം ടോപ്പ് അച്ചീവർ പട്ടികയിലെ ഒന്നാംസ്ഥാനക്കാരായിരുന്നു. 95 ശതമാനത്തിലേറെ മാർക്ക് നേടിയ സംസ്ഥാനങ്ങളാണ് ടോപ്പ് അച്ചീവർ പട്ടികയിൽവരുന്നത്. ഏകജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യൂ സർട്ടിഫിക്കറ്റ്‌ നൽകുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യം, എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത എന്നിവയിലാണ് കേരളം ഒന്നാമതെത്തിയത്. കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ അവശേഷിക്കുന്ന മേഖലകളിലും ഒന്നാമതെത്താനാകുമെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top