24 October Thursday

ലാൻഡ്‌ പൂളിങ് സ്കീം ; ആദ്യ വികസന പദ്ധതിയാകാൻ ഇൻഫോപാർക്ക് മൂന്നാംഘട്ടം

സ്വന്തം ലേഖികUpdated: Thursday Oct 24, 2024


കൊച്ചി
ലാൻഡ് പൂളിങ്‌ സ്കീമിൽ ചട്ടങ്ങൾ ഉൾപ്പെടുത്തിയശേഷം സ്ഥലം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വികസനപദ്ധതിയായി ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന്റെ വിപുലീകരണം. പദ്ധതിക്കായി 300 ഏക്കർ കൈമാറാനുള്ള ധാരണപത്രത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും വൈകാതെ ഒപ്പുവയ്‌ക്കും.

കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ്‌ നിയമത്തിലാണ്‌ ലാൻഡ്‌ പൂളിങ് വ്യവസ്ഥയുള്ളത്‌. 2016ലെ നിയമം 2021ൽ ഭേദഗതി ചെയ്തു. എന്നാൽ, ലാൻഡ്‌ പൂളിങ് ചട്ടങ്ങൾ നിയമത്തിൽ വ്യക്തമാക്കിയിരുന്നില്ല. 2024 മാർച്ച് 16-ലെ അസാധാരണ ഗസറ്റ്‌ വിജ്ഞാപനത്തിലൂടെയാണ്‌ ചട്ടങ്ങൾ ഉൾപ്പെടുത്തിയത്‌.

മൂന്നാംഘട്ട വിപുലീകരണത്തിന്‌ ലാൻഡ് പൂളിങ്‌ സ്കീമിൽ ഭൂമി നൽകാൻ 18നാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌. തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരപരിധിയിലുള്ള പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ ലാൻഡ് പൂളിങ്‌ സ്കീം തയ്യാറാക്കാൻ പ്രമേയത്തിലൂടെ തീരുമാനിക്കാം. ഭൂമിയുടെ 30 ശതമാനം വാണിജ്യ, വ്യവസായ, ഭവന ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കും. ബാക്കിയുള്ള ഭൂമി ഉടമകൾക്ക് തിരിച്ചുനൽകും.

ഇൻഫോപാർക്ക് കാമ്പസിന്റെ കിഴക്കുവശത്തെ ഭൂമിയാണ് ലാൻഡ് പൂളിങ്ങിന് പരിഗണിക്കുന്നത്‌. ഏറ്റെടുക്കുന്ന 300 ഏക്കറിൽ 100 ​​ഏക്കറാണ്‌ മൂന്നാംഘട്ട വിപുലീകരണത്തിനായി ഉപയോഗിക്കുന്നത്‌. അടിസ്ഥാന സൗകര്യങ്ങൾവഴി മൂല്യം വർധിപ്പിച്ച്‌ ബാക്കി 200 ഏക്കർ ഭൂമി ഉടമകൾക്ക് നൽകും. ഈ ഭൂമിയിൽ കെട്ടിടനിർമാണത്തിനുള്ള അനുമതിയും നൽകും.

നിർദിഷ്ട പ്രദേശത്തെ ഭൂഉടമകളിൽ 75 ശതമാനത്തോളംപേർ സമ്മതം നൽകിയാൽ കരട് തയ്യാറാക്കാൻ അന്തിമവിജ്ഞാപനം ഇറക്കാം. മൂന്നാംഘട്ട വികസനത്തിന്‌ സർക്കാർ അനുമതി ലഭിച്ചാലുടൻ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കുമെന്ന്‌ ഇൻഫോപാർക്ക്‌ സിഇഒ സുശാന്ത്‌ കുറുന്തിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top