22 December Sunday

ഇൻഫോപാർക്ക്‌ മൂന്നാംഘട്ടം: ലാൻഡ്‌ പൂളിങ്ങിന്‌ ഉത്തരവായി; ലക്ഷ്യം 12,000 കോടിയുടെ നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കൊച്ചി> ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനപദ്ധതിക്കായി കിഴക്കമ്പലത്ത് 300 ഏക്കർ സ്ഥലത്ത് ലാൻഡ് പൂളിങ്‌ നടത്താൻ വിശാല കൊച്ചി വികസന അതോറിറ്റിയെ (ജിസിഡിഎ) ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. ഇതിലൂടെ 12,000 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇൻഫോപാർക്ക്‌ ലക്ഷ്യമിടുന്നത്‌. ലാൻഡ്‌ പൂളിങ്ങിന്‌ നിയമപ്രാബല്യം വന്നതിനുശേഷം ആദ്യമായിട്ടാണ്‌ ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കുന്നത്‌.

ലക്ഷത്തിലധികംപേർക്ക്‌ നേരിട്ടുള്ള തൊഴിലവസരമാണ്‌ ഇൻഫോപാർക്ക്‌ മൂന്നാംഘട്ടവികസനം സമ്മാനിക്കുക. 100 ഏക്കറിൽ ഐടി പാർക്കുകളും ബാക്കി 200 ഏക്കറിൽ ഇന്റഗ്രേറ്റഡ്‌ ടൗൺഷിപ്പുമാണ്‌ നിർമിക്കുക. പുറത്തുള്ള കമ്പനികളെ കേരള ഐടി പാർക്ക്‌ ആവാസവ്യവസ്ഥയിലേക്ക്‌ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. അവരുടെ ബിസിനസ് വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന അഫിലിയേഷൻ പദ്ധതിയും സർക്കാർ പരിശോധിച്ചുവരികയാണ്‌.  

ഇൻഫോപാർക്കിന്‌ കിഴക്കുഭാഗത്തുള്ള ഭൂമിയാണ്‌ ഏറ്റെടുക്കുക. സ്ഥല ഉടമകളുമായി അടുത്തയാഴ്‌ച ധാരണപത്രം ഒപ്പുവയ്‌ക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. പണം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതാണ്‌ ലാൻഡ്‌ പൂളിങ്. വികസനത്തിനുശേഷം സമീപപ്രദേശത്തെ ഭൂമിക്കുണ്ടാകുന്ന മൂല്യവർധനയാണ്‌ ഉടമകൾക്ക്‌ ഗുണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top