23 November Saturday
സംസ്കാരം ചൊവ്വ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ

മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

തൃശൂര്‍> മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി. 75 വയസായിരുന്നു. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒ (എക്‌സ്‌ട്രാകോപ്പോറിയൽ മെംബ്രേയ്‌ൻ ഓക്‌സിജനേഷൻ) സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്‌. ഞായറാഴ്‌ച രാത്രി എട്ടിന്‌ അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽബോർഡ്‌ ചേർന്നു. 10.30നാണ്‌ അന്ത്യം സംഭവിച്ചത്‌. 10.40ന്‌ മന്ത്രി പി രാജീവാണ്‌ മരണവിവരം അറിയിച്ചത്‌. ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും കൂടെയുണ്ടായിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, കെ രാജൻ, നടന്മാരായ മമ്മൂട്ടി, ജയറാം, എം മുകേഷ്‌ എംഎൽഎ, സംവിധായകൻ കമൽ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും ആശുപത്രിയിലെത്തി.

രാത്രി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കൾ രാവിലെ എട്ടുമുതൽ 11വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക്‌ കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ ‘പാർപ്പിട’ത്തിലെത്തിക്കും. ചൊവ്വ രാവിലെ 10ന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും. വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു  .

നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 12 വര്‍ഷം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം.

'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഇന്നസെന്റ് നിര്‍മിച്ച 'വിടപറയുംമുമ്പേ', 'ഓര്‍മയ്ക്കായി' എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 'പത്താം നിലയിലെ തീവണ്ടി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടി്ക് പുരസ്‌കാരം ഉള്‍പ്പെടെ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലും നാഷണല്‍ ഹൈസ്‌കൂളിലും ഡോണ്‍ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂളിലുമായി പഠനം. 1972ല്‍ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്.  തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലിനയിച്ചു. പിന്നീട്  നിര്‍മാതാവായിട്ടാണ് രംഗപ്രവേശം.   'ഇളക്കങ്ങള്‍, 'വിട പറയും മുമ്പേ', 'ഓര്‍മ്മയ്ക്കായി', 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്,' 'ഒരു കഥ ഒരു നുണക്കഥ' തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങള്‍  ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചു. പിന്നീട് മുഴുവന്‍ സമയ അഭിനേതാവായി. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ ഒരുപോലെ തിളങ്ങി. 1989ല്‍ പുറത്തിറങ്ങിയ  സിദ്ധിഖ് ലാലിന്റെ 'റാംജി റാവു സ്പീക്കിങ്ങി'ലെ മാന്നാര്‍ മത്തായി എന്ന മുഴുനീള കോമഡിവേഷം ഇന്നസെന്റ് എന്ന പേര് മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാക്കി. ഭരതന്‍, പ്രിയദര്‍ശന്‍, ത്യന്‍ അന്തിക്കാട്, ഫാസില്‍, സിദ്ധിഖ്ലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഇന്നസെന്റ് തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്തത്.

മലാമാല്‍ വീക്ക്ലി, ഡോലി സാജാ കെ രഖ്‌ന എന്നീ ഹിന്ദി ചിത്രങ്ങളിലും കന്നഡ ചിത്രമായ ശിക്കാരിയിലും തമിഴ് ചിത്രമായ ലേസാ ലേസാ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി, ദൈവത്തെ ശല്യപ്പെടുത്തരുത്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ  പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'ചിരിക്കു പിന്നില്‍' ആത്മകഥയാണ്.

ഭാര്യ: ആലീസ്.  മകന്‍: സോണറ്റ്. മരുമകള്‍: രശ്മി
സഹോദരങ്ങള്‍: ഡോ: കുര്യാക്കോസ്, അഡ്വ.വെല്‍സ്, , സെലിന്‍, ലിന്റ, ലീന, പരേതരായ സ്റ്റെന്‍സ്ലാവോസ്, പൗളി.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top