തിരുവനന്തപുരം > പട്ടികജാതി, പട്ടികവര്‍ഗ കലാകാരന്മാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കൂടുതല്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന്‍റെ സിനിമാ നയത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച 'ചുരുള്‍' എന്ന സിനിമയുടെ പ്രദര്‍ശനോദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മേഖലയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സിനിമാ മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി കൂടുതല്‍ അവസരവും പിന്തുണയുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന കെഎസ്എഫ്ഡിസിയുടെ സിനിമാ നിര്‍മ്മാണ പദ്ധതി കൂടുതല്‍ മികച്ച കലാകാരന്മാര്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമൊരുക്കും. ഇത്തരം പുരോഗമന ആശയങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ രാജ്യത്തിനും ലോകത്തിനും കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമാ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണം പുരോഗമിക്കുകയാണ്. മികച്ച സിനിമാ ചിത്രീകരണ കേന്ദ്രമായി ചിത്രാഞ്ജലിയെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിനു പുറത്തുനിന്നുള്ള സിനിമകള്‍ ചിത്രീകരിക്കുന്നതിനും ചിത്രാഞ്ജലിയില്‍ അവസരമൊരുക്കും. കെഎസ്എഫ് ഡിസി തിയേറ്ററുകളുടെ നവീകരണത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..