23 December Monday
ഐ എൻ എസ് സന്ധുധ്വജ

കണ്ണൂർ തീരത്ത് മുങ്ങിക്കപ്പൽ; പൊളിച്ചടുക്കാൻ തയാറായി സിൽക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

ഫോട്ടോ സുമേഷ് കൊടിയത്ത്

ക്ഷിണേന്ത്യൻ സമുദ്ര മേഖലയിൽ രാജ്യ സുരക്ഷ കാത്ത ആദ്യത്തെ മുങ്ങി കപ്പൽ സിന്ധുധ്വജ കണ്ണൂരിലെത്തിച്ചു. ഇനി ഏതാനും മാസങ്ങൾക്കകം ആ പേരു മാത്രമാവും ബാക്കിയാവുക. യുദ്ധങ്ങളുടെയും തന്ത്രപ്രധാന നീക്കങ്ങളുടെയും നിരീക്ഷണങ്ങളുടെയും കാലം കഴിഞ്ഞ് സിന്ധുധ്വജ പൊളിച്ചടുക്കുകയാണ്.

കണ്ണൂർ അഴീക്കലിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളലിമിറ്റഡ് (സിൽക്ക്) ആണ് പൊളിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്. നാവികസേനയുടെ ഭാഗമായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഐ എൻ എസ് സിന്ധുധ്വജ 2022 ജൂലൈ 16 നാണ് ഡീ കമ്മിഷന്‍ ചെയ്തത്. സമുദ്രത്തിലെ പതാകവാഹക എന്നാണ് സിന്ധുധ്വജയുടെ അർത്ഥം.

വിശാഖപട്ടണം തുറമുഖത്തുനിന്നാണ് കപ്പൽ പൊളിക്കാനായി അഴീക്കലിലെ സിൽക്ക് ഷിപ്പ്ബ്രേക്കിങ് യൂണിറ്റ് യാർഡിൽ എത്തിച്ചത്. കപ്പൽ പൊളിക്കുന്നതിൽ 40 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് സിൽക്ക്. എന്നാൽ ഒരു മുങ്ങിക്കപ്പൽ തന്നെ എത്തുന്നത് ആദ്യമായാണ്.

ൽതിട്ടയിൽ പുതഞ്ഞു, വലിച്ചു കരകയറ്റി

ഏപ്രിൽ നാലിന് അന്തർവാഹിനി അഴീക്കലിൽ എത്തിയെങ്കിലും മണൽത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. എട്ട് ദിവസത്തോളം സിൽക്കിന്റെ യാർഡിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ട അന്തർവാഹിനി സംസ്ഥാന സർക്കാരിന്റെ ഇടപെടലിനൊടുവിലാണ് കരയ്ക്കടുപ്പിച്ചത്.

സ്വകാര്യസ്ഥാപനമായ സിത്താരാ ട്രേഡേഴ്സാണ് അന്തർവാഹിനി പൊളിക്കാനായി വാങ്ങിയത്. 4525 രൂപയും ജിഎസ്‌ടിയുമാണ് ഒരു ടണ്ണിന് പൊളിക്കൽ നിരക്കായി സിൽക്ക് ഈടാക്കുന്നത്. പൊളിക്കൽ കരാറാണ് സിൽക്കിനുള്ളത്.

43,000 കോടിയുടെ മുതൽ

റഷ്യയിൽനിന്ന് 1987 കാലഘട്ടത്തിൽ വാങ്ങിയ കിലോ ക്ലാസ് അന്തർവാഹിനിയാണ് ഐഎൻഎസ് സിന്ധുധ്വജ്. ഡീസൽ ഇലക്ട്രിക്കൽ പവറിലാണ് പ്രവർത്തിക്കുന്നത്. 43,000 കോടി രൂപ ചെലവഴിച്ചാണ് ഇതിനെ നാവികസേനയുടെ ഭാഗമാക്കിയത്. ഇന്നൊവേഷനുള്ള സിഎൻഎസ് റോളിങ് ട്രോഫി ലഭിച്ച ഏക അന്തർവാഹിനി കൂടിയാണ് സിന്ധുധ്വജ്.

തദ്ദേശീയ സോണാറായ ഉഷസ്, തദ്ദേശീയ സാറ്റലൈറ്റ് ആൻഡ് കമ്യൂണിക്കേഷൻ സംവിധാനങ്ങളായ രുക്‌മിണി, എം എസ് എസ് ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, ഇൻഡിജി നൈസിഡ് ടോർപ്പിഡോ ഫയർ കൺട്രോൾ സിസ്റ്റം എന്നിങ്ങനെ തദ്ദേശീയ സാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്തി പരിഷ്കരിച്ചാണ് ഈ അന്തർവാഹിനി ഇന്ത്യൻ നാവിക സേന ഉപയോഗിച്ചത്.

45 ദിവസം ആഴക്കടലിൽ മുങ്ങി കഴിയാനും സഞ്ചരിക്കാനും ശേഷിയുള്ള കപ്പലാണ്. 52 പേരെ വഹിക്കാനുള്ള ശേഷിയുമുണ്ട്. ഉപരിതലത്തിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാം.

ആറു മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാമെന്നാണ് സിൽക്കിന്റെ പ്രതീക്ഷ. ഇരുമ്പുരുക്ക് വ്യവസായങ്ങൾക്കാവശ്യമായ അസംസ്കൃതവസ്തു‌ക്കളുടെ ലഭ്യതയാണ് മുഖ്യ നേട്ടം.

2000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ആറു മാസത്തിനകം പൊളിച്ചുതീർക്കും. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്രയും വലിയ മുങ്ങിക്കപ്പൽ പൊളിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top