കണ്ണൂർ> സിൽക്ക് അഴീക്കൽ യൂണിറ്റിൽ നാവികസേനയുടെ ഡീകമീഷൻ ചെയ്‌ത അന്തർവാഹിനിക്കപ്പൽ ഐഎൻഎസ് സിന്ധുധ്വജ് പൊളിക്കാൻ തുടങ്ങി. സിൽക്കിൽ ആദ്യമായാണ് മുങ്ങിക്കപ്പൽ പൊളിക്കുന്നതെന്ന് ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ അറിയിച്ചു. 35 വർഷത്തെ സേവനത്തിനുശേഷം 2022ൽ ഡീകമീഷൻ ചെയ്‌ത കപ്പലാണ് സിന്ധുധ്വജ്.
കപ്പൽ ഏപ്രിൽ നാലിന് അഴീക്കലിൽ നങ്കൂരമിട്ടെങ്കിലും മണൽത്തിട്ട കാരണം കരയ്‌ക്കടുപ്പിക്കാൻ കഴിഞ്ഞില്ല. വ്യവസായമന്ത്രി പി രാജീവും തുറമുഖമന്ത്രി വി എൻ വാസവനും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. 2000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ആറു മാസത്തിനകം പൊളിച്ചുതീർക്കും. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ മുങ്ങിക്കപ്പൽ പൊളിക്കുന്നത്.
നവീകരണം പൂർത്തിയാകുന്നതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ്, റെയിൽവേ, ബിഇഎംഎൽ എന്നിവയിൽനിന്ന് കൂടുതൽ ഓർഡർ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ലീപ്പ് വേ പൂർത്തിയായതോടെ വർഷം ഒരു കോടിയുടെ അധികവരുമാനം സിൽക്കിന് ലഭിക്കും. ബോട്ടുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും ഇവിടെ നടക്കുന്നുണ്ട്. ഇതുവരെ 65 ബോട്ട് നിർമിച്ചു. 60 കപ്പൽ പൊളിക്കുകയുംചെയ്‌തു.
വാർത്താസമ്മേളനത്തിൽ എംഡി ടി ജി ഉല്ലാസ്‌കുമാർ, സീനിയർ മാനേജർമാരായ അബ്‌ദുൾകരീം, കെ വി ഹരീഷ്, യൂണിറ്റ് മാനേജർ ജയേഷ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..