13 December Friday
കരാർ ഒപ്പിട്ടശേഷമുള്ള പുതിയ ആവശ്യം

ഇൻസ്‌ട്രുമെന്റേഷൻ കൈമാറ്റം വൈകിപ്പിക്കാൻ കേന്ദ്രം ; സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഭൂമിക്ക്‌ വില നൽകണമെന്ന്‌ ആവശ്യം

വേണു കെ ആലത്തൂർUpdated: Tuesday Nov 26, 2019


വില നിശ്ചയിച്ച്‌ സംസ്ഥാന സർക്കാരിന്‌ വിൽക്കാൻ കരാർ ഒപ്പിട്ട  ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡിന്റെ കൈമാറ്റം വൈകിപ്പിക്കാൻ കേന്ദ്രസർക്കാർ. രാജ്യസഭയിൽ എളമരം കരീമിന്റെ ചോദ്യത്തിന്‌ ഭൂമിവിലകൂടി വേണമെന്ന മറുപടിയാണ്‌ ലഭിച്ചത്‌. 

കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനായ  ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌ കൈമാറാൻ 2018ൽ സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ ധാരണപത്രത്തിലില്ലാത്ത വ്യവസ്ഥയാണ്‌ കേന്ദ്രം ഇപ്പോൾ ഉയർത്തുന്നത്‌. കമ്പനിയുടെ ഉടമസ്ഥതയിലുുള്ള 566.30 ഏക്കർ ഭൂമിക്ക്‌ വില കണക്കാക്കിയിട്ടില്ലെന്നും അതുകൂടി പൂർത്തിയായാലേ കൈമാറ്റ നടപടി ആരംഭിക്കാനാകൂ എന്നാണ്‌ ഊർജമന്ത്രി പ്രകാശ്‌ ജാവദേക്കർ പറഞ്ഞു.  

വ്യവസായ ആവശ്യത്തിന് 1964ൽ സംസ്ഥാന സർക്കാർ സൗജന്യമായി കൈമാറിയ ഭൂമിയിലാണ്‌ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌ സ്ഥാപിച്ചത്‌. ഈ ഭൂമിക്കാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന്‌ കേന്ദ്രം വില ആവശ്യപ്പെടുന്നത്.   ഉന്നതാധികാരസമിതി ഭൂമിവില കണക്കാക്കിയില്ലെന്നും  ഇത്‌ പൂർത്തിയായാലേ  കൈമാറ്റം നടക്കൂവെന്നാണ് മന്ത്രിയുടെ മറുപടി. എന്നാൽ ഇത്‌ വാസ്‌തവവിരുദ്ധമാണ്‌. സംസ്ഥാന സർക്കാർ ഇൻസ്‌ട്രുമെന്റേഷന്‌ കൈമാറിയ ഭൂമിയിൽ വലിയ ഭാഗം റെയിൽവേ, എഫ്‌സിആർഐ, കേന്ദ്രീയ വിദ്യാലയം എന്നിവയ്‌ക്ക്‌ നൽകിയിരുന്നു. ബാക്കി 122 ഏക്കർ ഭൂമി മാത്രമാണ്‌ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റിഡിന്‌ സ്വന്തമായൂള്ളൂ.

സ്ഥാപനത്തിന്റെ ആസ്ഥാന യൂണിറ്റായ രാജസ്ഥാനിലെ കോട്ട യൂണിറ്റ്‌ പൂട്ടിയപ്പോൾ, ലാഭത്തിൽ പ്രവർത്തിക്കുന്ന കഞ്ചിക്കോട്‌ യൂണിറ്റ്‌ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അന്ന്‌ പാർലമെന്റ്‌ അംഗമായിരുന്ന എം ബി രാജേഷ്‌ ഇടപെട്ടാണ്‌ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറാൻ തീരുമാനിച്ചത്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ നിയോഗിക്കുകയും കൈമാറ്റ നടപടി വേഗത്തിലാക്കുകയും ചെയ്‌തു. സ്ഥാപനത്തിന്‌ വിപണി വിലകിട്ടണമെന്ന്‌ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്‌ സംസ്ഥാന–- കേന്ദ്രസർക്കാർ സംയുക്ത സമിതി പരിശോധനയുടെ അടിസ്ഥാനത്തിൽ 53 കോടി രൂപ വില നിശ്‌ചയിച്ചു. അതനുസരിച്ച്‌ ധാരണപത്രം ഒപ്പിടുകയും ചെയ്‌തു. കരാർ ഒപ്പിട്ടശേഷമുള്ള പുതിയ ആവശ്യം കൈമാറ്റ നടപടി വൈകിപ്പിക്കലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top