തിരുവനന്തപുരം > ‘മാഷേ എനിക്ക് സൈക്കിൾ ചവിട്ടാൻ അറിയാം’. അനുവിന്റെ ആവേശംനിറഞ്ഞ വാക്കുകൾ ഏറ്റെടുത്ത അധ്യാപകർക്ക് തെറ്റിയില്ല. ഒരു കൗതുകത്തിൽ വിടർന്ന സൈക്കിൾ പരിശീലനം ഇപ്പോൾ എത്തിനിൽക്കുന്നത് സ്പെഷ്യൽ ഒളിമ്പിക്സ് ദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ ഇരട്ട സ്വർണത്തിലാണ്. ഭിന്നശേഷിക്കാരനായ തിരുവനന്തപുരം മരിയാപുരം സ്വദേശിയായ ബി അനുവാണ് നേട്ടത്തിന്റെ പടവുകളിലേക്ക് സൈക്കിൾ ചവിട്ടിക്കയറുന്നത്. മാർച്ചിൽ ഹരിയാനയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് ദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പിലായിരുന്നു ഈ ഇരുപതുകാരന്റെ ഇരട്ട സ്വർണനേട്ടം. മികച്ച കായികതാരത്തിനുള്ള സംസ്ഥാന ഭിന്നശേഷി അവാർഡും അവനെ തേടിയെത്തിയിത്തിയിരിക്കുകയാണ്.
അവാർഡിന്റെ വലിപ്പമൊന്നും അവന് മനസിലായിട്ടില്ലെങ്കിലും അമരവിള കാരുണ്യ സ്‌പെഷ്യൽ സ്കൂളിലെ പ്രീയപ്പെട്ട അധ്യാപകരോടൊപ്പമുള്ള യാത്രയുടെ ത്രില്ലിലാണ് അനു.
അനുവിന് സ്വന്തമായി സൈക്കിൾ ഇല്ലായിരുന്നു. എന്നിട്ടും സൈക്കിളോടിക്കാൻ അറിയാമെന്ന് അധ്യാപകരോടു പറഞ്ഞു. അധ്യാപകനായ ടി എസ് ജിജിൻ വാക്കുകളെ കാര്യമായെടുത്തു. സ്‌പോൺസർഷിപ്പിൽ 6000 രൂപയ്ക്ക് സൈക്കിൾ വാങ്ങി നൽകി. എം എസ് മനോജ്, ബി ആൽബി എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി. കഴക്കൂട്ടത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് സൈക്ലിങിൽ ഒന്നാമത്. ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്‌പോർട്സ് സൈക്കിൾ ഉണ്ടെങ്കിൽ മാത്രമേ പങ്കെടുക്കാനാകൂ. സ്വന്തമായി വാങ്ങണമെങ്കിൽ 45000 രൂപയോളം വേണ്ടിവരും. കുടുംബത്തിനും അധ്യാപകർക്കും അത്രയും വലിയ തുക കണ്ടെത്താനായില്ല. എങ്കിലും മത്സരത്തിനുവേണ്ടി ഹരിയാനയിലേക്ക് പുറപ്പെട്ടു. ഹരിയാനയിലെ ഒളിമ്പിക് കോർഡിനേറ്റർ വഴി 2500 രൂപ വാടകയ്ക്ക് സൈക്കിൾ വാങ്ങി.
സാധരണ സൈക്കിളിൽ പരശീലിച്ചതിനാൽ ഗിയറുള്ള സ്‌പോർട്‌സ് സൈക്കിളിനെ മെരുക്കിയെടുക്കാൻ പാടുപെട്ടു. ഒറ്റദിവസത്തെ പരിശീലനംകൊണ്ടുമാത്രം അവൻ നേടിയത് ഇരട്ടസ്വർണമായിരുന്നു. അധ്യാപകരും വീട്ടുകാരും കൂട്ടുകാരും അവനിൽ അർപ്പിച്ച വിശ്വാസത്തിനുള്ള സമ്മാനമായിരുന്നു അത്. അടുത്ത ലക്ഷ്യം അന്തർദേശീയ മത്സരമാണ്. പക്ഷേ, അതിന് മുമ്പ് പരിശീലനത്തിന് സ്വന്തമായി ഒരു സ്‌പോർട്‌സ് സൈക്കിൾ വാങ്ങണം. അതിന് സ്‌പോർൺസർമാർ ആരെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ്. സഹോദരൻ അനന്തുവും സ്‌പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്. അമ്മ അനിത തുണിക്കടയിലെ ജീവനക്കാരിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..