22 December Sunday

റോക്ക് സംഗീതം ആസ്വദിക്കാം; കോവളത്ത് അന്താരാഷ്ട്ര സംഗീതോത്സവം 22 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

തിരുവനന്തപുരം> അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക്ക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) മൂന്നാം പതിപ്പ് കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 22 മുതൽ 24 വരെ അരങ്ങേറും.

ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന 17 കലാകാരന്മാർ അരങ്ങിൽ സം​ഗീത വിസ്മയം തീർക്കും. മെറ്റൽ, ഹാർഡ് റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം തുടങ്ങി റോക്ക് സം​ഗീത ആരാധകരെ വിസ്മയിപ്പിച്ച ബാൻഡുകളാണ് മേളയിൽ പങ്കെടുക്കുന്നത്. മാർടൈർ (നെതർലാന്റ്സ്), ലേസി ഫിഫ്റ്റി (ന്യൂസിലാന്റ്), കോൾഡ് ഡ്രോപ്പ് (ഡെൻമാർക്ക്), ആഫ്രോഡെലിക് (ലിത്വാനിയ), ഡീർ എംഎക്സ് (മെക്സിക്കോ), ദി യെല്ലോ ഡയറി, പരിക്രമ, തബാ ചാക്കെ, അസൽ കൊലാർ, വൈൽഡ് വൈൽഡ് വുമൺ, 43 മൈൽസ്, കുലം, പ്രാർഥന, ഗബ്രി, ഡ്യുയലിസ്റ്റ് എൻക്വയറി, സ്ട്രീറ്റ് അക്കാദമിക്സ്, ഡിഐവൈ ഡിസ്ട്രക്ഷൻ തുടങ്ങിയ ബാൻഡുകളും കോവളത്തെത്തും.

തുടർച്ചയായി രണ്ട് പതിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ അനുഭവസമ്പത്തുമായാണ് ഐഐഎംഎഫ് ഒരു സംഗീത ഉത്സവം സംഘടിപ്പിക്കുന്നത്. കലാപ്രേമികൾക്ക് ഒരു മനസ്സോടെ ഏറ്റെടുക്കാൻ കഴിയുന്ന സാംസ്കാരിക അനുഭവമായി പുതുമയോടെ അവതരിപ്പിക്കാൻ ക്രാഫ്റ്റ് വില്ലേജ് തീരുമാനിച്ചതെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു ശ്രീപ്രസാദ് പറഞ്ഞു. ആഭരണ നിർമാണം, മൺപാത്ര നിർമ്മാണം, വുഡ് വർകിങ്, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷൻ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യുന്നതിനായി ഇൻഡി സംഗീതത്തിനും ശില്പശാലകൾക്കുമൊപ്പം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദർശനവും പങ്കെടുക്കുന്നവർക്ക് ആസ്വദിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയോടനുബന്ധിച്ച് നവംബർ 21 രാത്രി മുതൽ 25 വരെ ക്രാഫ്റ്റ് വില്ലേജ് ക്യാമ്പസ്സിൽ ഓൺസൈറ്റ് ക്യാമ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദിക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന ടെൻ്റുകളിലായിരിക്കും ക്യാമ്പിങ്. സംഗീത - കലാപ്രേമികൾക്കിടയിൽ കമ്യൂണിറ്റി രൂപപ്പെടുത്തുന്നതിന് ക്യാമ്പിങ് വഴിയൊരുക്കും.

കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങൾക്ക് പുറമെ, സാഹിത്യ- ചലച്ചിത്ര മേളകൾ, കലാ പ്രദർശനങ്ങൾ, ഡിസൈൻ ശിൽപശാലകൾ, മ്യൂസിക് ഷോകൾ, ഹാക്കത്തോണുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ഒരു ആഗോള സാംസ്കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.

ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ ഒരുമിച്ച് കൂട്ടി പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ലേസി ഇൻഡി മാഗസിൻ സ്ഥാപകർ രൂപീകരിച്ച അന്താരാഷ്ട്ര സംഗീത കൂട്ടായ്മയും ക്രാഫ്റ്റ് വില്ലേജും സഹകരിച്ചുകൊണ്ടാണ് സംഗീത മേള ഒരുക്കുന്നത്. ലേസി ഇൻഡി മാഗസിൻ 40 ലധികം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് 100ഓളം രാജ്യങ്ങളിൽ പ്രചാരവും അംഗീകാരവും നേടി മുന്നേറുന്ന കൂട്ടായ്മയാണ്. മറ്റ് സംഗീത നിശകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ബാൻഡുകൾ, ആർട്ട് ആൻഡ് ഡെക്കോർ, സൗണ്ട് സിസ്റ്റം, ലൈറ്റിങ്, എന്നിവയെല്ലാം തന്നെ മികവുറ്റതാക്കി സംഘാടനത്തിൽ മുന്നിൽ നിക്കുന്ന മേളയാണ് ഇൻ്റർനാഷണൽ ഇൻഡിപെൻഡൻ്റ് മ്യൂസിക് ഫെസ്റ്റിവൽ.

കൂടുതൽ വിവരങ്ങൾക്ക് instagram @iimf_2024 എന്ന ഔദ്യോഗിക പേജുകളിലോ അതോ അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം: https://iimf.kacvkovalam.com/. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം: http://bit.ly/4eZRuLE.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top