കൊച്ചി > അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കൊച്ചിയിലെ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കലിഗ്രഫി പ്രദർശനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി മുഖ്യാതിഥിയായി. മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ്, ജെയിൻ യൂണിവേഴ്‌സിറ്റി ആർട്ട് ഡിസൈൻ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ശ്രദ്ധ സുബ്രഹ്‌മണ്യൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം ബാലമുരളീകൃഷ്ണൻ, കലിഗ്രഫർ അക്ഷയ തോംബ്രെ എന്നിവർ പ്രസംഗിച്ചു. കലിഗ്രഫി രംഗത്തെ ആഗോള പ്രതിഭകൾ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ശനിയാഴ്ച വരെ നീണ്ടുനിൽക്കും. കേരള ലളിതകലാ അക്കാദമിയും മലയാളം കലിഗ്രഫിയെ ലോകപ്രശസ്തമാക്കിയ നാരായണ ഭട്ടതിരി നേതൃത്വത്തിൽ, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കചടതപ ഫൗണ്ടേഷനും ചേർന്നാണ് ഈ അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ, വിയറ്റ്‌നാമിൽ നിന്നുള്ള ഡാങ് ഹോക്, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻ-യങ് എന്നിവർക്കു പുറമേ, മുംബൈ ജെ ജെ ഇൻസ്റ്റിറ്റ്യൂട്ട് ഡീനും കലിഗ്രാഫറുമായ സന്തോഷ് ക്ഷീർസാഗർ, ഇന്ത്യൻ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാർ, മുംബൈ ഐഐടി പ്രൊഫസറായ ജി വി ശ്രീകുമാർ, അറബി കലിഗ്രാഫറും അദ്ധ്യാപകനുമായ മുക്താർ അഹമ്മദ്, അഹമ്മദാബാദ് എൻഐഡി അദ്ധ്യാപകനായ തരുൺ ദീപ് ഗിർധർ, പിക്‌റ്റോറിയൽ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമർ ഡാഗർ, നിഖിൽ അഫാലെ, ഇങ്കു കുമാർ, ഷിപ്ര റൊഹാട്ഗി, സൽവ റസൂൽ, അക്ഷയാ തോംബ്രേ, സഞ്ജനാ ചത്ലാനി, സുരേഷ് വാഗ്മോർ, നവകാന്ത് കരിദെ, ഹിറാൽ ഭഗത്, ഗോപാൽ പട്ടേൽ, കെ വി രജീഷ്, അതുൽ ജയരാമൻ, മുകേഷ് കുമാർ, നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയിൽ നിന്നുള്ള ഇരുപത്തിയൊന്ന് കലിഗ്രാഫർമാരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്കു പുറമെ ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും കലിഗ്രഫിപ്രേമികളും ഫെസ്റ്റിവലിന് എത്തിയിട്ടുണ്ട്.
മലയാളം, കന്നഡ, തെലുങ്ക്, ഗുജറാത്തി, ദേവനാഗരി, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ഹീബ്രൂ, വിയറ്റ്‌നാമീസ്, കൊറിയൻ എന്നീ കലിഗ്രഫികളുടെ സങ്കീർണതകളും സൗന്ദര്യവും അടുത്തറിയാനുള്ള അവസരമാണ് ഫെസ്റ്റിവലിൽ ലഭ്യമാവുകെയന്ന് നാരായണ ഭട്ടതിരി പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായി ശില്പശാലകൾ, സോദാഹരണപ്രഭാഷണങ്ങൾ, തത്സമയ ഡെമോകൾ, അന്താരാഷ്ട്ര കലിഗ്രഫി പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ ഒക്ടോബർ 4ന് കർണാടക സംഗീതജ്ഞനായ ടി എം കൃഷ്ണയുടെ സംഗീതക്കച്ചേരിയും 3ന് ശ്രീദേവി നമ്പൂതിരിയുടെ നൃത്തവും അരങ്ങേറും. കലിഗ്രഫി ഉൾപ്പെടുത്തിയ സംഗീത-നൃത്ത പരിപാടികൾ, പ്രകടനങ്ങൾ എല്ലാം ചേർന്ന, ലോകമെമ്പാടുമുള്ള പ്രഗത്ഭരായ കലാകാരന്മാരുടെ വാർഷിക സമ്മേളനമായി ഫെസ്റ്റിവലിനെ മാറ്റാനാണ് ശ്രമമെന്ന് നാരായണ ഭട്ടതിരി പറഞ്ഞു. അടുത്ത 5 വർഷത്തേക്കുള്ള കലിഗ്രഫിഫെസ്റ്റിവൽ കലണ്ടർ പ്രഖ്യാപിക്കാനും എല്ലാ വർഷവും ഒക്ടോബർ 2-5 തീയതികളിൽ കലിഗ്രഫി ഫെസ്റ്റിവൽ നടത്താനും ഉദ്ദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..