ഏത് ദേശത്തായാലും ഓണമുണ്ണാൻ നാട്ടിലേക്ക് ഓടിയെത്താൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ, ഇത് കൊള്ളയ്ക്കുള്ള അവസരമാക്കുകയാണ് ചിലർ. അന്തർസംസ്ഥാന ബസ് കമ്പനികളും വിമാനക്കമ്പനികളും എന്തിന് ഇന്ത്യൻ റെയിൽവേ
പോലും ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു. ലോകത്തെങ്ങുമില്ലാത്ത നിരക്ക് വർധനയിലും നാട്ടിലേക്കെത്താൻ
വഴി തേടുകയാണ് മലയാളി
അന്തർസംസ്ഥാന ബസുകളിൽ ടിക്കറ്റ് നിരക്ക് വർധന നാലിരട്ടി
ടിക്കറ്റ് നിരക്ക് നാലിരട്ടികൂട്ടി സ്വകാര്യ അന്തർസംസ്ഥാന ബസുകൾ. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്വകാര്യ ലക്ഷ്വറി ബസ് സർവീസ് നടത്തുന്ന ബംഗളൂരുവിലേക്ക് സാധാരണ ടിക്കറ്റ് നിരക്ക് 1200 മുതൽ 2000 വരെയാണ്. ഓണം സീസണായതോടെ ഇത് 4500 മുതൽ 6000 വരെയായി. 8000 രൂപയ്‌ക്ക് വിൽക്കാൻ കരിഞ്ചന്തക്കാരുമുണ്ട്. ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത കുറവും പ്രത്യേക ട്രെയിനുകളിലെ നിരക്ക് വർധനയുമാണ് ഇതിനെല്ലാം വഴിവെട്ടുന്നത്. ഓണാവധി കഴിഞ്ഞ് തിരിച്ചുള്ള സർവീസിനും സമാനനിരക്കാണ്. കെഎസ്ആർടി ബസിൽ 900 മുതൽ 1600 രൂപ വരെയാണ് ബംഗളൂരുവരെയുള്ള പരമാവധി നിരക്ക്. തിരുവോണ ദിവസം രാവിലെ വരുന്നവർക്ക് നിരക്കിൽ നേരിയ കുറവുമുണ്ട്. മൈസൂർ, ചെന്നൈ റൂട്ടിലും സമാന സ്ഥിതി. ചെന്നൈ–- എറണാകുളം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ടിക്കറ്റ് നിരക്ക് 1200 രൂപയാണെങ്കിൽ സ്വകാര്യ ബസിൽ ഇത് 4500 വരെയാണ്.
വിണ്ണിലും കൊള്ള
ഗൾഫ് നാടുകളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിൽ വർധന അഞ്ചിരട്ടിവരെ. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസുമടക്കമുള്ള വിമാനക്കമ്പനികൾ ഇക്കണോമി ക്ലാസിൽ 40,000 രൂപവരെയാക്കി. 10,000ൽ താഴെയായിരുന്നു നിലവിൽ. ബിസിനസ് ക്ലാസിൽ ഒരുലക്ഷം രൂപവരെയാണ്. 15, 16 തീയതികളിൽ ദുബായിൽനിന്ന് എയർ ഇന്ത്യയുടെ നിരക്ക് 50,000ന് മുകളിലാണ്.
ട്രെയിനിൽ തത്‌കാൽ മാത്രം
ഓണാവധിയിൽ ട്രെയിൻ ടിക്കറ്റ് കിട്ടാക്കനി. യാത്രക്കാർ ഏറെയുള്ള ബംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റില്ല. സ്‌പെഷൽ ട്രെയിനുകളും അനുവദിച്ചിട്ടില്ല. തത്‌കാൽ, പ്രീമിയം തത്‌കാൽ ടിക്കറ്റുകളാണ് ഇനി ആശ്രയം. തത്‌കാൽ സ്ലീപ്പർ ടിക്കറ്റിന് 200 രൂപ വരെയും എസി ചെയർകാറിന് 225ഉം എസി ത്രീടയറിന് 400ഉം സെക്കൻഡ് എസിക്ക് 500 രൂപവരെയും അധികം നൽകണം. പ്രീമിയം തൽക്കാലിന് ആദ്യ പത്തുശതമാനം തത്‌കാൽ നിരക്കും പിന്നീടുള്ള ടിക്കറ്റുകൾക്ക് ഫ്‌ളക്‌സി നിരക്കുമാണ്. അവസാന ടിക്കറ്റിന് യഥാർഥ നിരക്കിന്റെ രണ്ടിരട്ടിയിലധികമാകും. മൂന്ന് ട്രെയിനും 14 സ്പെഷ്യൽ സർവീസും മാത്രമാണ് പ്രഖ്യാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..