തിരുവനന്തപുരം
സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം മൂന്നു ലക്ഷം പിന്നിട്ടു. 2022 മാർച്ച് 30ന് ആരംഭിച്ച പദ്ധതി രണ്ടര വർഷം പിന്നിടുമ്പോഴാണ് ചരിത്രനേട്ടം.
ചൊവ്വാഴ്‌ചവരെ 3,00,227 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. ഇതുവഴി 19,446.26 കോടി രൂപയുടെ നിക്ഷേപവും 6,38,322 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെയാണ് ഈ നേട്ടം. എംഎസ്‌എംഇ മേഖലയിലെ രാജ്യത്തെ ബെസ്‌റ്റ് പ്രാക്ടീസായി സംരംഭക വർഷം പദ്ധതിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
പുതിയ സംരംഭങ്ങളിൽ 93,000ത്തിലധികം വനിതാ സംരംഭകരുടേതാണ്. 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ 1000’ പദ്ധതിക്കും വ്യവസായ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. സംരംഭങ്ങളെ സഹായിക്കാൻ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലായി 1153 എക്‌സിക്യൂട്ടീവുകളെ നിയമിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സംരംഭം ആരംഭിക്കുന്നതിന് നാലു ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെ വായ്പയും നൽകുന്നുണ്ട്. ഒപ്പം ഇൻഷുറൻസ് പദ്ധതിയും ആരംഭിച്ചു. ഉൽപ്പന്നങ്ങൾക്ക് ആഗോള നിലവാരം ഉറപ്പുവരുത്താനും വിപണി സാധ്യത കണ്ടെത്താനുമായി "കേരളാ ബ്രാൻഡ്’ പദ്ധതിയും സർക്കാർ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..