24 November Sunday

നിക്ഷേപത്തട്ടിപ്പ്‌ : കെപിസിസി സെക്രട്ടറി 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


തൃശൂർ
ഹീവാൻ നിക്ഷേപത്തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതിയും കെപിസിസി സെക്രട്ടറിയുമായ സി എസ്‌ ശ്രീനിവാസൻ അറസ്‌റ്റിൽ. എറണാകുളം ജില്ലയിലെ കാലടിയിൽ ഒളിവിൽ കഴിയവേയാണ്‌ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന അന്നമനട  പാലിശ്ശേരി  ചാത്തേത്ത്‌ ശ്രീനിവാസനെ (54)  തൃശൂർ സിറ്റി ജില്ലാ  ക്രൈം ബ്രാഞ്ച്‌ എസിപി കെ സുഷീറിന്റെ നേതൃത്വത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. തൃശൂർ അഡീഷണൽ മൂന്നാംക്ലാസ്‌ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.  

പൂങ്കുന്നം ചക്കാമുക്ക്‌ ആസ്ഥാനമായ  ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ 62 നിക്ഷേപകരിൽനിന്നും 7.78 കോടി രൂപ നിക്ഷേപം സ്വീകരിച്ച്‌ തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ്‌ കേസ്‌. തട്ടുപ്പുമായി ബന്ധപ്പെട്ട്‌ തൃശൂർ വെസ്റ്റ് പൊലീസ്‌ ഇതുവരെ  18 കേസുകൾ  രജിസ്‌റ്റർ ചെയ്‌തു. മറ്റു ജില്ലകളിലും പരാതികളുണ്ട്‌.

കോൺഗ്രസിൽ വയലാർ രവി ഗ്രൂപ്പുകാരനായിരുന്ന ശ്രീനിവാസൻ നിലവിൽ കെ സുധാരകൻ ഗ്രൂപ്പ്‌ നേതാവാണ്‌. കെഎസ്‌യു ജില്ലാ പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.  തൃശൂർ കോർപറേഷൻ  സ്ഥിരം സമിതി അധ്യക്ഷനായും പ്രവൃത്തിച്ചു. കേസിൽ  കമ്പനി ചെയർമാൻ പ്രവാസി വ്യവസായി സുന്ദർ മേനോൻ, ഡയറക്ടർ ബിജു മണികണ്ഠൻ എന്നിവരെ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കമ്പനികളുടെയും പ്രതികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top