തൃശൂർ > കോടിക്കണക്കിന് രൂപയുടെ ഹീവാൻ നിക്ഷേപത്തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കമ്പനി ഡയറക്ടർ വണായിമ്പാറ പൊട്ടിമട ചുണ്ടേക്കാട്ടിൽ അനിൽകുമാറിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. കേസിൽ നേരത്തെ അറസ്റ്റിലായ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ജയിലിലാണ്.
തട്ടിപ്പ് പുറത്തുവന്നശേഷം അനിൽകുമാർ ഒളിവിലായിരുന്നു. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസിപി സുഷീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നേപ്പാൾ അതിർത്തിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ വിയ്യൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.
പൂങ്കുന്നം ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ 14 കോടി രൂപ നിക്ഷേപം സ്വീകരിച്ച് തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. പ്രതികൾക്കെതിരെ തൃശൂർ സിറ്റി പൊലീസിൽ മാത്രം 50 കേസുകളുണ്ട്. തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇയാൾക്കെതിരെ നിരവധി കേസുണ്ട്. ബിജെപി, ആർഎസ്‌എസ് ബന്ധമുള്ള ബിജു മണികണ്‌നും കേസിൽ പ്രതിയാണ്. ഇയാളും കമ്പനി ചെയർമാനും തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റുമായ സുന്ദർ മേനോനും കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..