തൃശൂർ
ആട്ടിൻതോലിട്ട് ചങ്ങാത്തത്തിനിറങ്ങിയ ബിജെപിയുടെ തനിനിറം തിരിച്ചറിഞ്ഞ് ക്രൈസ്‌തവ സഭകൾ. മണിപ്പുർ കലാപം തുടങ്ങി നാലുമാസമായിട്ടും പരിഹാരം കാണാത്ത നിസ്സംഗമായ നേതൃത്വമാണ് ബിജെപിയുടേതെന്ന് സഭയുടെ പലകോണിൽനിന്നും വിമർശനമുയരുന്നുണ്ട്. അതിനിടെയാണ് മുസ്‌ലിം രാഷ്ട്രമായ പാകിസ്ഥാനിലെ സർക്കാർ ക്രൈസ്‌തവരോട് കാട്ടുന്ന പരിഗണന ബിജെപി മാതൃകയാക്കണമെന്ന മുഖപ്രസംഗവുമായി ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ സെപ്‌തംബർ ലക്കം പുറത്തിറങ്ങിയത്.
പാകിസ്ഥാനിലെ ജരാൻവാലയിൽ ആഗസ്‌ത് 16ന് 21 ക്രൈസ്‌തവ ദേവാലയങ്ങളും 87 വീടും മുസ്‌ലിം വർഗീയവാദികൾ തകർത്തു. ഖുറാനെ നിന്ദിച്ചുവെന്ന വ്യാജ ആരോപണത്തിന്റെ മറവിലായിരുന്നിത്. എന്നാൽ, പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കക്കർ അന്നുതന്നെ അക്രമത്തെ തള്ളിപ്പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പുനൽകി. കലാപത്തിന് ആസൂത്രണം ചെയ്‌ത 130 പേരെ അറസ്‌റ്റ് ചെയ്‌തു. പള്ളിയിലെ ഉച്ചഭാഷിണിയിൽക്കൂടി കലാപത്തിന് ആഹ്വാനം ചെയ്‌ത രണ്ടുപേരും ഇതിൽ ഉൾപ്പെടും. അക്രമികൾ തകർത്ത പള്ളിയും വീടും സർക്കാർ ചെലവിൽ നന്നാക്കുമെന്നും കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും ഉത്തിരവാദിത്തമുണ്ടെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്‌താവന ക്രൈസ്‌തവ സമൂഹത്തിന് ഏറെ ആശ്വാസമായി. ഈ മാതൃക ബിജെപി കണ്ട് പഠിക്കണമെന്നാണ് ലേഖനത്തിലുള്ളത്. മണിപ്പുർ സന്ദർശിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെയും ശക്തമായി വിമർശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..