22 December Sunday
വാണിജ്യ വിക്ഷേപണരംഗത്ത്‌ നേട്ടം:
ഡോ. എസ്‌ സോമനാഥ്‌

പരീക്ഷണകടമ്പ കടന്നു ബേബിറോക്കറ്റ് കുതിച്ചു ; ചെലവ്‌ കുറവ്‌ , സജ്ജമാക്കാൻ എളുപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


തിരുവനന്തപുരം
ഐഎസ്‌ആർഒ വികസിപ്പിച്ച ബേബിറോക്കറ്റിന്റെ മൂന്നാംപരീക്ഷണ പറക്കൽ വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ വെള്ളിയാഴ്‌ചയായിരുന്നു വിക്ഷേപണം. രാവിലെ 9.17ന്‌ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ്‌ എസ്‌എസ്‌എൽവി ഡി 3 റോക്കറ്റ്‌ കുതിച്ചത്‌. 16–-ാം മിനിട്ടിൽ രണ്ട്‌ ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച്‌ ദൗത്യം പൂർത്തിയാക്കി. വ്യാഴം നിശ്‌ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാൽ മാറ്റിയിരുന്നു. ആറുമണിക്കൂർ നീണ്ട കൗണ്ട്‌ ഡൗണിന്‌ പിന്നാലെ വെള്ളി രാവിലെ ഒമ്പതോടെ വിക്ഷേപണ നിയന്ത്രണം പൂർണമായി കംപ്യൂട്ടറുകൾ ഏറ്റെടുത്തു.

വിക്ഷേപണത്തിന്റെ അഞ്ചാംമിനിട്ടിൽ രണ്ടാംഘട്ടവും തുടർന്ന്‌ മൂന്നാംഘട്ടവും ജ്വലിപ്പിച്ച്‌ റോക്കറ്റ്‌ മുന്നോട്ട്‌ നീങ്ങി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌–-8നെ  ആദ്യം 475 കിലോമീറ്റർ ഉയരത്തിലുള്ള നിശ്‌ചിത ഭ്രമണപഥത്തിലിറക്കി. തുടർന്ന്‌ എസ്‌ആർ ഡമോസാറ്റും. ഇരു ഉപഗ്രഹങ്ങളിൽനിന്നും സിഗ്‌നലുകൾ ലഭിച്ചുതുടങ്ങിയതായി ഐഎസ്‌ആർഒ അറിയിച്ചു.    ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ വി നാരായണൻ, മിഷൻ ഡയറക്ടർ വി വി വിനോദ്‌ എന്നിവർ വിക്ഷേപണത്തിന്‌ നേതൃത്വം നൽകി.

ചെലവ്‌ കുറവ്‌; , സജ്ജമാക്കാൻ എളുപ്പം
ചെലവുകുറഞ്ഞ സാങ്കേതികവിദ്യയിൽ ഐഎസ്‌ആർഒ വികസിപ്പിച്ച വിക്ഷേപണ വാഹനമാണ്‌ സ്‌മാൾ സാറ്റ്‌ലെറ്റ്‌ ലോഞ്ച്‌ വെഹിക്കിൾ (എസ്‌എസ്‌എൽവി). ഏറെക്കാലത്തെ ഗവേഷണങ്ങൾക്കൊടുവിൽ തിരുവനന്തപുരം വിഎസ്‌എസ്‌സിയാണ്‌ രൂപകൽപന ചെയ്‌തത്‌. പത്തുമുതൽ അഞ്ഞൂറു കിലോവരെയുള്ള മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത്‌ എത്തിക്കാൻ റോക്കറ്റിന്‌ കഴിയും. 34 മീറ്റർ ഉയരമുള്ള റോക്കറ്റിന്‌ മൂന്നുഘട്ടങ്ങളുണ്ട്‌. മറ്റു വിക്ഷേപണ വാഹനങ്ങളേക്കാൾ വേഗത്തിൽ നിർമിക്കാനും സജ്ജമാക്കാനുമാവും എന്നതാണ്‌ പ്രധാന പ്രത്യേകത. ചെലവ്‌ കുറവും.

വാണിജ്യ വിക്ഷേപണരംഗത്ത്‌ നേട്ടം:
ഡോ. എസ്‌ സോമനാഥ്‌
എസ്‌എസ്‌എൽവി ഡി 3യുടെ പൂർണതോതിലുള്ള പരീക്ഷണ വിജയം വാണിജ്യ വിക്ഷേപണ രംഗത്ത്‌ നേട്ടമാകുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌. പല രാജ്യങ്ങളും നാനോ, മൈക്രോ ഉപഗ്രഹങ്ങൾക്ക്‌ മുന്തിയ പരിഗണന നൽകുന്നുണ്ട്‌. ഈ സാധ്യതകൾ ഐഎസ്‌ആർഒയ്‌ക്ക്‌ ഉപയോഗപ്പെടുത്താനാവും. പിഎസ്‌എൽവി പോലെ വിശ്വസ്‌ത വിക്ഷേപണ വാഹനമായി എസ്‌എസ്‌എൽവിയെ മാറ്റും. വെള്ളിയാഴ്‌ച വിക്ഷേപിച്ച ഇഒഎസ്‌–-8 ഉപഗ്രഹത്തിൽ 18 പുതിയ സാങ്കേതികൾ ഉപയോഗിച്ചിട്ടുണ്ട്‌. അടുത്തമാസം പിഎസ്‌എൽവി റോക്കറ്റ്‌ വിക്ഷേപിക്കും. ബൽജിയത്തിന്റെ പ്രോബാ 3 പേടകത്തെ ലക്ഷ്യത്തിലെത്തിക്കുന്ന ദൗത്യമാണിത്‌. രണ്ടു ജിഎസ്‌എൽവി, ഒരു പിഎസ്‌എൽവി ദൗത്യങ്ങൾ കൂടി തുടർച്ചയായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top