തിരുവനന്തപുരം> സോഫ്റ്റ് വെയർ കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം 13,255 കോടി രൂപയിലധികം വരുമാനവുമായി ടെക്നോപാർക്ക്.
മുൻവർഷത്തേക്കാൾ 14 ശതമാനമാണ് വളർച്ച. കഴിഞ്ഞവർഷം ടെക്നോപാർക്കിന് 11,630 കോടി രൂപയായിരുന്നു വരുമാനം.
768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഐടി ഹബ്ബിൽ 490 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 75,000പേർക്ക് പ്രത്യക്ഷമായും രണ്ട് ലക്ഷത്തോളംപേർക്ക് പരോക്ഷമായും ജോലി നൽകുന്നു.
കേരളത്തിലെ ഐടി ആവാസവ്യവസ്ഥയുടെയും കമ്പനികളുടെ ബിസിനസ് കാഴ്ചപ്പാടിന്റെയും പ്രൊഫഷണലിസത്തിന്റെയും കരുത്ത് തെളിയിക്കുന്നതാണ് മികവാർന്ന പ്രകടനമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, ഫിൻടെക്, മെഡ്ടെക്, ഇവി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യ സാധ്യമാക്കുന്ന കമ്പനികളുടെ വികസനത്തിനായി ടെക്നോപാർക്ക് വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്.
യുഎസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നുളള പ്രതിനിധികൾ ഈ വർഷം ടെക്നോപാർക്ക് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാർക്ക് മാറും. ബിസിനസ് വളർച്ച, നവീകരണം, തൊഴിലിട മികവ് രംഗങ്ങളിൽ ഈ വർഷംതന്നെ ടെക്നോപാർക്കിലെ നിരവധി കമ്പനികൾ ദേശീയ, അന്തർദേശീയ ബഹുമതികൾ നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..