തിരുവനന്തപുരം > മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്. പുരസ്കാരത്തിനായി ടി വി ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
2021ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ കെ പി കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ, നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്ന സംവിധായകനാണ് ടി വി ചന്ദ്രൻ എന്ന് ജൂറി അഭിപ്രായപ്പെട്ടു.1975ൽ 'കബനീനദി ചുവന്നപ്പോൾ' എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു. മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലർത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തർദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയർത്തിയ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേർത്തു.
1993ൽ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉൾപ്പെടെ ഏഴ് ദേശീയ അവാർഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ടി.വി ചന്ദ്രൻ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലെപ്പേർഡ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. പൊന്തൻമാട, മങ്കമ്മ, ഡാനി, ഓർമ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷൻ, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച സിനിമകൾ. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി വി ചന്ദ്രൻ.
1950 നവംബർ 23ന് തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ മുരിക്കോളി കണ്ണോത്ത് നാരായണൻ നമ്പ്യാർ, അമ്മ കാർത്ത്യായനി അമ്മ. മുഴുപ്പിലങ്ങാട് കടമ്പൂർ എൽ.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ബാംഗ്‌ളൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് റിസർവ് ബാങ്കിൽ ജോലി ലഭിച്ചു. 1981ൽ സ്വന്തം നിർമ്മാണത്തിൽ സംവിധാനം ചെയ്ത 'കൃഷ്ണൻകുട്ടി'യാണ് ആദ്യ ചിത്രം. 'ഹേമാവിൻ കാതലർകൾ' എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്തത്. തുടർന്ന് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനിൽനിന്ന് ലോണെടുത്ത് 'ആലീസിന്റെ അന്വേഷണം' നിർമ്മിച്ചു. സിനിമകൾക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലിസീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളിൽ അഭിനേതാവായി. ഭാര്യ രേവതി. മകൻ യാദവൻ.
മലയാളത്തിന്റെ പാൻ ഇന്ത്യൻ മുഖം
1975ൽ ‘കബനീനദി ചുവന്നപ്പോൾ' എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ടി വി ചന്ദ്രൻ ചലച്ചിത്രരംഗത്ത് എത്തിയത്. മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വച്ചുപുലർത്തുന്ന 15 മലയാള സിനിമയും രണ്ടു തമിഴ് സിനിമയും ഒരുക്കി.
1993ൽ പൊന്തന്മാടയിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം നേടി. ഓർമകൾ ഉണ്ടായിരിക്കണം, മങ്കമ്മ, ഡാനി, പാഠം ഒന്ന് ഒരുവിലാപം, തമിഴിലൊരുക്കിയ ആടുംകൂത്ത് എന്നിവയ്ക്കും ദേശീയ അംഗീകാരം ലഭിച്ചു. ഒമ്പതു തവണ സംസ്ഥാന ബഹുമതിയും ലഭിച്ചു. ഒമ്പത് ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1950 നവംബർ 23ന് തലശേരിയിലാണ് ടി വി ചന്ദ്രൻ ജനിച്ചത്. അച്ഛൻ മുരിക്കോളി കണ്ണോത്ത് നാരായണൻ നമ്പ്യാർ, അമ്മ കാർത്ത്യായനിയമ്മ. 1981ൽ സ്വന്തം നിർമാണത്തിൽ സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി'യാണ് ആദ്യ ചിത്രം. സിനിമകൾക്കു പുറമെ മൂന്ന് ഡോക്യുമെന്ററിയും മൂന്ന് ഹ്രസ്വചിത്രവും ഒരു ടെലി സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രത്തിൽ അഭിനേതാവായി. ഭാര്യ രേവതി. മകൻ യാദവൻ.
വലിയ സന്തോഷം: ടി വി ചന്ദ്രൻ
ജെ സി ഡാനിയേൽ അവാർഡ് ലഭിച്ചതിൽ വലിയസന്തോഷമുണ്ടെന്ന് സംവിധായകൻ ടി വി ചന്ദ്രൻ. സിനിമയ്‌ക്ക് വേണ്ടി കുറേക്കാലം ചെലവഴിച്ചതിനുള്ള അംഗീകാരമായി പുരസ്‌കാരത്തെ കാണുന്നു. കെ പി കുമാരനെപ്പോലുള്ള ജഡ്‌ജിങ് പാനലിൽനിന്ന് അവാർഡ് ലഭിച്ചതിൽ കൂടുതൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..