18 December Wednesday

"പ്രശാന്ത്‌ വഞ്ചനയുടെ പര്യായം' : മുൻ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024


കൊല്ലം
ഐഎഎസ്‌ ഉദ്യോഗസ്ഥൻ പ്രശാന്ത്‌ വഞ്ചനയുടെ പര്യായമാണെന്ന്‌ മുൻ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ. സർവീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിക്കുന്നതിന്റെ വാർത്തയാണ്‌ കേരളം കാണുന്നതെന്നും -അവർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ ഗൂഢാലോചനയിൽ വില്ലൻ റോളിൽ പ്രശാന്ത് പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവരിയിൽ കണ്ടത്. അന്ന്‌ കോൺഗ്രസ്‌ പ്രചാരണജാഥ കൊല്ലത്ത്‌ എത്തിയപ്പോൾ 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെടിപൊട്ടിച്ചു. മാധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ ഇങ്ങനെ ഒരുസംഭവം ഇല്ലെന്നും അടിസ്ഥാനരഹിതമാണെന്നും ഫിഷറീസ് മന്ത്രിയെന്ന നിലയിൽ ഞാൻ മറുപടി നൽകി. അടുത്ത ദിവസം ചെന്നിത്തല ഒരു അമേരിക്കൻ മലയാളിയുമായി 5000 കോടിയുടെ എംഒയു ഫിഷറീസ് വകുപ്പ് ഒപ്പുവച്ചതിന്റെ രേഖ പുറത്തുവിട്ടു. ഇപ്പോഴത്തെ വിവാദനായകനും അന്ന്‌ ഇൻലാൻഡ്‌ നാവിഗേഷന്റെ എംഡിയുമായ പ്രശാന്തുമായിട്ടാണ് എംഒയു ഒപ്പുവച്ചത് എന്ന സത്യം അദ്ദേഹം മറച്ചുവച്ചു. ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണ്‌ പ്രശാന്ത്. അദ്ദേഹം ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ആഴക്കടൽ വിൽപ്പന എന്ന ‘തിരക്കഥ'. ലക്ഷ്യം തീരദേശ മണ്ഡലങ്ങൾ യുഡിഎഫിന് ഉറപ്പാക്കുകയായിരുന്നു.

നിക്ഷേപസംഗമത്തിൽ വന്ന വികസന പദ്ധതികൾ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇൻലാൻഡ്‌ നാവിഗേഷൻ എംഡി 5000 കോടിയുടെ പദ്ധതി ഇഎംസിസിയുമായി എംഒയു ഒപ്പുവച്ചത്. അതും സർക്കാരിന്റെ അവസാന ദിവസങ്ങളിൽ. ഇതേ ഇഎംസിസിക്കാരനാണ് കുണ്ടറയിൽ എനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാർഥി. പിന്നിൽ ദല്ലാൾ നന്ദകുമാറാണ്‌. ഒരു ബോംബ് സ്ഫോടന നാടകവും അരങ്ങേറി. ഈ തിരക്കഥയുടെ ചുക്കാൻ പിടിച്ചതും ഐഎഎസുകാരനായ പ്രശാന്ത്‌. അറിയുന്നതുകൊണ്ട് മത്സ്യത്തൊഴിലാളികൾ ഈ കുപ്രചാരണത്തിൽ വീണില്ല. തെരഞ്ഞെടുപ്പിൽ 97 ശതമാനം തീരദേശമണ്ഡലങ്ങളും എൽഡിഎഫ് നേടി. എന്നാൽ, കൊല്ലത്ത് കല്ലുവച്ച നുണ ഏറ്റെടുത്തത് രൂപത തന്നെയായിരുന്നു. കൊല്ലം ബിഷപ്പിന്റെ പേരിൽ 'ഇടയലേഖനം' ഇറക്കി. സ്ഥാപിത താൽപ്പര്യക്കാരും സംഘപരിവാറും യുഡിഎഫും കൈകോർത്തു. സത്യം എന്നായാലും പുറത്തുവരുമെന്ന് ഞാൻ വിശ്വസിച്ചു. ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണിചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലൻ റോളിലുണ്ട്‌. സത്യമേവ ജയതേ–- എന്നാണ്‌ എഫ്‌ബി പോസ്‌റ്റ്‌.

പങ്കുവച്ചത്‌ അനുഭവം
ഫിഷറീസ്‌ മന്ത്രിയായിരുന്ന കാലത്തെ തന്റെ അനുഭവമാണ്‌ ഫെയ്‌സ്‌ബുക്കിൽപങ്കുവച്ചതെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിഅമ്മ. ഐഎഎസ് ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നും കൊല്ലത്ത്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി അവർ പറഞ്ഞു. ഒരു വിശ്വാസ്യതയും ഇല്ലാത്ത, എന്തുംചെയ്യാൻ മടിക്കാത്ത ഐഎഎസുകാരനാണ്‌ പ്രശാന്തെന്നും മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top