22 November Friday

ജേക്കബ്‌ തോമസിന്‌ എതിരായ അന്വേഷണം ; കേന്ദ്രം വിവരങ്ങൾ കൈമാറുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024


ന്യൂഡൽഹി
മുൻ ഡിജിപി ജേക്കബ്‌ തോമസിന്‌ എതിരായ ഡ്രഡ്‌ജർ അഴിമതിക്കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി തേടിയ വിവരങ്ങൾ കേന്ദ്രസർക്കാർ ഇതുവരെയും കൈമാറിയിട്ടില്ലെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡ്രഡ്‌ജർ അഴിമതിക്കേസിൽ ഡച്ച്‌ കമ്പനി ഐഎച്ച്‌സി ബീവറിനെ കുറിച്ചുള്ള വിവരം ലഭിക്കാന്‍ അന്വേഷണസംഘം ആഭ്യന്തരമന്ത്രാലയത്തിന്‌ അപേക്ഷ നല്കി. എന്നാൽ, കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ലെന്ന്‌ സംസ്ഥാനസർക്കാരിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത്‌മുത്തുരാജും സ്‌റ്റാൻഡിങ് കോൺസൽ ഹർഷദ്‌ വി ഹമീദും സുപ്രീംകോടതിയെ അറിയിച്ചു.

ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനുള്ളിൽ മുദ്രവെച്ചകവറിൽ സമർപ്പിക്കാൻ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.  അന്വേഷണം ജൂൺ 30നുള്ളിൽ പൂർത്തിയാക്കണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കേണ്ട വിവരങ്ങൾ കൂടിയായാലേ അന്വേഷണറിപ്പോർട്ട്‌ പൂർത്തിയാകുകയുള്ളുവെന്ന്‌ സംസ്ഥാനസർക്കാർ പ്രതികരിച്ചു.

കേന്ദ്രസർക്കാരിൽനിന്നും വിവരങ്ങൾ തേടാൻ കഴിഞ്ഞവാദംകേൾക്കലിൽ സുപ്രീംകോടതി നിർദേശിച്ചു. തുടർന്ന്‌, ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയെങ്കിലും മറുപടി കിട്ടാത്ത സാഹചര്യത്തിലാണ്‌ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതിയുടെ അനുമതി തേടിയത്‌. അതേസമയം, സംസ്ഥാന സർക്കാരിന്റെ അന്വേഷണറിപ്പോർട്ടിന്റെ പകർപ്പ്‌ കൈമാറണമെന്ന്‌ ജേക്കബ്‌ തോമസിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു.  ഉള്ളടക്കം പരിശോധിച്ചശേഷം തീരുമാനമെടുക്കാമെന്ന്‌ കോടതി അറിയിച്ചു. കഴി‍ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ജേക്കബ് തോമസ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top