22 December Sunday

ആരോപണ വിധേയര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെ; ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്: ജഗദീഷ്

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


തിരുവനന്തപുരം
സിനിമാമേഖലയിൽ സ്‌ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ ഒറ്റപ്പെട്ട സംഭവമായി തള്ളുന്നത്‌ ശരിയല്ലെന്ന്‌ നടനും അമ്മ വൈസ്‌ പ്രസിഡന്റുമായ ജഗദീഷ്‌.  കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ അമ്മ ഭാരവാഹികൾ അഭിപ്രായം പറഞ്ഞതിന്‌ പിന്നാലെയായിരുന്നു ഭിന്നത വ്യക്തമാക്കി ജഗദീഷിന്റെ പ്രതികരണം.

മറ്റ്‌ തൊഴിലിടങ്ങളിലും ഇതൊക്കെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്‌. അത്‌ പരിഷ്‌കൃത സമൂഹത്തിന്‌ ചേർന്നതല്ല. അത്തരം ചോദ്യങ്ങൾ പാടില്ലെന്നുമുള്ള പക്ഷക്കാരനാണ്‌ താനെന്നും ജഗദീഷ്‌ പേറഞ്ഞു. സിനിമാ മേഖലയിലെ ഇത്തരം അനുഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനാണ്‌ നടപടിവേണ്ടത്‌. റിപ്പോർട്ടിൽ വ്യക്തികളുടെ പേരെടുത്ത്‌ പറയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്‌. അതിൽ നിന്ന്‌ അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനോ ചേമ്പറിനോ പിൻമാറാനാകില്ല.

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി വന്നതോടെയാണ്‌ സിനിമാ മേഖലയിലുള്ളവർക്ക്‌ പരാതി പറയാൻ അവസരം ഒരുങ്ങിയത്‌. ദുരനുഭവം എപ്പോൾ ഉണ്ടായതായാലും എന്നുവേണമെങ്കിലും പരാതി നൽകാൻ ഇരകൾക്ക്‌ അവകാശമുണ്ട്‌.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതോടെ എല്ലാവരിലും ഒരു പേടി ഉണ്ടായിട്ടുണ്ട്‌. വാതിൽ മുട്ടിയെന്ന്‌ ഒരു നടി പരാതിപ്പെട്ടാൽ ഉടൻ നടപടിയെടുക്കുകയാണ്‌ വേണ്ടത്‌. ആരോപണവിധേയർ അഗ്നിശുദ്ധി വരുത്തട്ടെയെന്നും ജഗദീഷ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top