ന്യൂഡൽഹി
വിവാദ ആത്മീയ പ്രഭാഷകനും യോഗസ്ഥാപന മേധാവിയുമായ ജഗ്ഗി വാസുദേവിന്റെ യോഗകേന്ദ്രത്തിന് എതിരായ കേസിലെ തുടർനടപടികൾ തടഞ്ഞ് സുപ്രീംകോടതി. ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് എതിരായ എല്ലാ ക്രിമിനൽകേസുകളുടെയും വിശദാംശം തേടിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. കേസ് സുപ്രീംകോടതിയിലേക്ക് മാറ്റുകയാണെന്നും സെപ്‌തംബർ 30ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് തുടർനടപടി കൈകൊള്ളരുതെന്നും നിർദേശിച്ചു. കോയമ്പത്തൂരിലെ യോഗ കേന്ദ്രത്തില്‍ പൊലീസുകാര്‍ പരിശോധന നടത്തിയത് ചൂണ്ടിക്കാട്ടി ഇഷ ഫൗണ്ടേഷന്‍ നല്‍കിയ ഹർജിയിലാണ് ഇടപെടൽ.
പെൺമക്കളെ യോഗ കേന്ദ്രത്തിൽ തടവിലാക്കിയെന്നാരോപിച്ച് വിരമിച്ച പ്രൊഫസർ എസ് കാമരാജ് സമര്‍പ്പിച്ച ഹേബിയസ്‌കോർപസ് ഹർജി പരിഗണിക്കവെയാണ് ഇഷ ഫൗണ്ടേഷനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്. സ്വന്തം മകളെ നല്ലരീതിയിൽ വിവാഹം ചെയ്‌തയച്ച ജഗ്ഗി വാസുദേവ് മറ്റുള്ളവരുടെ പെൺമക്കൾ അവിവാഹിരായി സന്ന്യാസികളായി തുടരണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത ഇഷ ഫൗണ്ടേഷനെ ശക്തമായി പിന്തുണച്ചു. ഹർജിക്കാരന്റെ മക്കളുമായി സുപ്രീകോടതി ചീഫ് ജസ്‌റ്റിസും ജഡ്‌ജിമാരും ചേംബറിൽ കൂടിക്കാഴ്‌ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..