22 November Friday

ജയിലഴി തടസ്സമായില്ല; ഉന്നതപഠനത്തിന്‌ ഇവരുമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

തിരുവനന്തപുരം > ജയിലഴി തീർത്ത പ്രതിരോധം പഠനത്തോടുള്ള അവരുടെ സ്‌നേഹത്തിന്‌ വെല്ലുവിളിയായില്ല. കഴിഞ്ഞ 25ന് നടന്ന സാക്ഷരതാ പരീക്ഷയിൽ പങ്കെടുത്തത്‌ പൂജപ്പുര സെൻട്രൽ ജയിലിലെ 10 അന്തേവാസികൾ.   നാലാംതരം തുല്യതാകോഴ്സിൽ 15 പേരും ഏഴാംതരം തുല്യതാകോഴ്സിൽ 10 പേരും പഠിക്കുന്നു.

പത്താംതരത്തിനും ഹയർ സെക്കൻഡറി തുല്യതയ്ക്കും 15വീതം പഠിതാക്കളും സെൻട്രൽ ജയിലിൽ ഉണ്ട്. പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജയിൽ വകുപ്പ് തന്നെ പ്രത്യേകം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച ലോക സാക്ഷരതാദിനം ആചരിക്കുമ്പോൾ ഈ പഠിതാക്കളെയും ഓർക്കാം. "പരസ്പര ധാരണയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള സാക്ഷരത' എന്നതാണ് ഈ വർഷത്തെ സാക്ഷരതാസന്ദേശമായി യുനെസ്കോ മുന്നോട്ടുവച്ചത്. 

സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ്‌ സെൻട്രൽ ജയിലിലും സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചത്. അക്ഷരത്തിൽ തുടങ്ങി ഹയർ സെക്കൻഡറി തുല്യതയിൽ വരെ എത്തി നിൽക്കുകയാണ് ജയിലിലെ പഠനം. "ജയിൽ ജ്യോതി' എന്ന പേരിൽ പ്രത്യേക പദ്ധതിയായിട്ടാണ് ജയിലിലെ ക്ലാസുകൾ നടക്കുന്നത്.

ആദിവാസി ഊരുകളിലും പട്ടികജാതി മേഖലകളിലും പ്രത്യേകം സാക്ഷരതാ ക്ലാസുകളും തുല്യതാ ക്ലാസുകളും നടക്കുന്നുണ്ടെന്നും ജില്ലാ കോഓർഡിനേറ്റർ കെ വി രതീഷ് പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയിൽ സാക്ഷരതാ പരിപാടിയും തുടങ്ങിയിട്ടുണ്ട്. 

ഇതര സംസ്ഥാനത്തുനിന്നും വന്ന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിന് ചങ്ങാതി എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. 25ന് ശ്രീകാര്യത്ത് നടന്ന പരീക്ഷയിൽ 75 അതിഥിത്തൊഴിലാളികളാണ് പങ്കെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top