തിരുവനന്തപുരം
രാജ്യത്ത് ഇപ്പോഴും അടിമ സമാനമായ അവസ്ഥയിൽ ജീവിക്കേണ്ടിവരുന്ന കർണാടകത്തിലെ സിദ്ദി ജനതയെക്കുറിച്ച് പറയുകയാണ് ‘റിഥം ഓഫ് ദമാം’. രാജ്യാന്തര ചലച്ചിത്രമേളയിൽ ‘ഇന്ത്യ സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ജയൻ ചെറിയാൻ
വർഷങ്ങളോളം എടുത്താണല്ലോ ‘റിഥം ഓഫ് ദമാം എടുത്തത്
അതെ, ആറുവർഷത്തോളം ഉത്തര കർണാടകത്തിലെ ഉൾവനത്തിലെ സിദ്ദി ഗ്രാമങ്ങളിൽ ജീവിച്ചു. അവരുടെ ജീവിതം നേരിൽ അറിഞ്ഞു. വിശാല മനസ്സുള്ളവരാണ് സിദ്ദികൾ. അവരുടെ ഭക്ഷണം പങ്കിട്ടു. ചിലനേരങ്ങളിൽ അവർ എനിക്കായി ഭക്ഷണം ഒരുക്കി. മൊസാംബിക്കിൽനിന്ന് ഇംഗ്ലീഷ് ഇന്ത്യാകമ്പനി കപ്പലുകളിൽ കൊണ്ടുവന്ന് മുംബൈയിലും ഗോവയിലുമൊക്കെ അടിമ കച്ചവടത്തിലൂടെ എത്തിയവരാണ് ഇവരുടെ പൂർവികർ.
1865ലാണ് പോർച്ചുഗീസ് അധിനിവേശ ഗോവയിൽ അടിമവ്യാപാരം നിരോധിക്കുന്നത്. ഇവർ വിമോചിതരായ ശേഷവും പുതിയ അടിമത്തത്തിന് കീഴിലായി.
അത് സംഭവിക്കുന്നത് കർണാടകത്തിലെ വനങ്ങളിൽവച്ചാണ്. പ്രമാണിമാർ അവരുടെ മതം ഇവരുടെ മേൽ അടിച്ചേൽപ്പിച്ചു. അങ്ങനെ ലോകത്ത് ഒരിടത്തുമില്ലാത്ത ആഫ്രിക്കൻ ഹിന്ദു സിദ്ദികൾ ഉണ്ടായി. ഒരുകുട്ടി ജനിച്ചാൽ ഇപ്പോഴും ഇവർ ആറാംദിവസം ബ്രാഹ്മണരുടെ അടുത്ത് പോകും. അവരാണ് കുട്ടികൾക്ക് പേരിടുന്നത്.
സിനിമയിൽ കൊങ്കിണി സിദ്ദി ഭാഷയാണ് സ്വീകരിച്ചത്
ആദ്യകാല ഭൂവുടമകൾ കൊങ്കിണി ഭാഷക്കാരാണ്. ഇതിൽനിന്നാണ് സിദ്ദികളുടെ ഭാഷ രൂപപ്പെട്ടത്. ഭാഷയുണ്ടെങ്കിലും ലിപിയില്ല. ഭൂവുടമകൾ മാറുന്നതിന് അനുസരിച്ച് മതങ്ങളും മാറി വന്നതാണ് സിദ്ദികൾ. ഇതോടൊപ്പം അവരുടെ ഓർമകളും ഭാഷയും സംസ്‌കാരവും പിടിച്ചുപറിക്കപ്പെട്ടു. അവരുടെ കൂട്ടായ ഓർമകൾ തുടച്ചുമാറ്റപ്പെട്ടു.
ഇന്ന് അവരുടെ വ്യക്തിത്വം നിർണയിക്കുന്നത് ദമാം എന്ന സംഗീത ഉപകരണമാണ്. ദമാം സംഗീതത്തിലും അവരുടെ ജീവിതത്തിലുമാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അടിമത്തത്തിൽനിന്ന് മുക്തരാകാൻ ശ്രമിക്കുന്ന കാലമാണിത്. അവരുടെ യുവതലമുറ തങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയാണ്. സമരം എന്നത് മറവിക്കെതിരായ ഓർമയുടെ കലാപം എന്നതുപോലെയാണ് ഇവർ ചരിത്രം കണ്ടെടുക്കാൻ ശ്രമിക്കുന്നത്. 2003 ലാണ് ഇവരെ പട്ടികവർഗമായി കേന്ദ്രസർക്കാർ അംഗീകരിക്കുന്നത്. അന്നുമുതലാണ് ഇവരെ മനുഷ്യരായി കണക്കാക്കാൻ തുടങ്ങിയത്.
ഡോക്യുമെന്ററിക്ക് പകരം എന്തുകൊണ്ടാണ് സിനിമ
പന്ത്രണ്ടുകാരനായ സിദ്ദി കുട്ടിയിലൂടെയാണ് അവരുടെ ചരിത്രം പറയുന്നത്. സമ്പന്നമായ പൈതൃകത്തെക്കുറിച്ച് പറയാൻ ഫിക്‌ഷൻതന്നെയാണ് നല്ലത്. ഐതിഹ്യങ്ങളും ഇമേജുകളും കൊണ്ടുവരാനാകും. ആയിരക്കണക്കിന് ലേഖനങ്ങൾ എഴുതുന്നതിനേക്കാൾ ശക്തി ഒരു ചെറുകഥയ്‌ക്ക് ഉണ്ട്. അങ്ങനെ കരുതിയാൽ മതി.
ചിത്രം മേളയിൽ എത്തിയപ്പോൾ
ആഫ്രിക്കൻ പൈതൃകം പേറുന്ന ജനത ഇന്ത്യയിൽ ഉണ്ടെന്ന് ആളുകൾ അറിയുന്നത് ചിത്രം വന്നതിലൂടെയാണ്. വലിയ വിഭാഗം പ്രേക്ഷകരിലേക്ക് സിനിമ എത്തി. ഉന്നതമായ സിനിമാബോധമുള്ളവരാണ് ഇവിടത്തെ പ്രേക്ഷകർ. ഗോവയിൽ ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. എന്റെ നാലാമത്തെ സിനിമയാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..