05 November Tuesday

ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി: അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

വയനാട് > ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ മരിച്ച ജെൻസണിന്റെ സംസ്കാരം ആണ്ടൂർ നിത്യ സഹായ പള്ളി സെമിത്തേരിയിൽ നടന്നു. അപകടത്തിൽ ഇരു കാലുകൾക്കും പരിക്കേറ്റ ശ്രുതി ഐസിയുവിൽ തുടരുകയാണ്. ശ്രുതി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിച്ചാണ് ജെൻസണിന്റെ മൃതദേഹം കാണിച്ചത്.

ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.

വയനാടിനെ തകർത്ത ഉരുൾപൊട്ടലിൽ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവരെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. അച്ഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.  ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി.

ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ അടുപ്പമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ വിവാഹം നടത്താനിരിക്കുകയായിരുന്നു. എന്നാൽ ദുരന്തത്തിൽ ഉറ്റവരെല്ലാം നഷ്ടമായതോടെ   വിവാഹം നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കൽപറ്റയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജെൻസൺ മരണമടഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top