22 November Friday

കൈരളിയുടെ ധന്യത

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

മഹാകവി അക്കിത്തം അച്യുതൻനമ്പൂതിരിയെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം നൽകി രാജ്യം ആദരിക്കുമ്പോൾ ആ ആഹ്ലാദത്തിൽ അഭിമാനാദരങ്ങളോടെ ഞങ്ങളും പങ്കുചേരുന്നു. ഏഴ് പതിറ്റാണ്ടിന്റെ നിറവുള്ള ആ കാവ്യജീവിതം ജ്ഞാനപീഠമേറുകവഴി രാജ്യമാകെ അംഗീകരിക്കപ്പെടുകയാണ്. അക്കിത്തത്തിന്റെ സാഹിതീയശസ്സ് ജ്ഞാനപീഠത്തിന്റെ പൊൻപ്രഭയിൽ തിളങ്ങുന്നത് കൈരളിയെ സ്‌നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനംപകരുന്ന അനുഭവമാണ്. അത്രയൊന്നും വ്യാപ്തിയും സ്വാധീനശക്തിയുമില്ലാത്ത മലയാളം ആറാംതവണ ജ്ഞാനപീഠപുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ അക്ഷരങ്ങളിലൂടെ അനുഭവങ്ങളുടെ അഗാധലോകങ്ങൾ സൃഷ്ടിക്കുന്ന നമ്മുടെ ഭാഷ തന്നെയാണ് അംഗീകരിക്കപ്പെടുന്നത്.

മലയാള കാവ്യാനുശീലനത്തിന് ആധുനികതയിലേക്ക്  ആദ്യവഴി വെട്ടിയ കവികളിലൊരാളാണ് അക്കിത്തം. പാരമ്പര്യത്തിന്റെ കെട്ടുപാടുകളിൽ ചുറ്റിത്തിരിഞ്ഞിരുന്ന മലയാളകവിതയെ ആധുനികതയുടെ ചൊടിയും ചുണയുമുള്ള വാങ്മയങ്ങളിലേക്ക് ആനയിച്ചവരിൽ അക്കിത്തവുമുണ്ടായിരുന്നു. ഏറെ വിവാദവും പ്രശസ്‌തിയും ഉണ്ടാക്കിയ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ആദ്യ കവിതാസമാഹാരം യഥാർഥത്തിൽ അക്കിത്തം എന്ന കവിയുടെ കാവ്യോത്സാഹങ്ങളുടെ ആകത്തുകയാണെന്ന് വിശേഷിപ്പിക്കാം.

ആധുനികമായ കാവ്യാന്വേഷണങ്ങളെ പുൽകുമ്പോഴും ജീവിതദുഃഖങ്ങളുടെ പരിഹാരത്തെക്കുറിച്ച് സദാ സന്ദേഹിയാണ് അക്കിത്തം. ഈ സന്ദേഹമാണ് നമ്പൂതിരിനവോത്ഥാന പ്രസ്ഥാനങ്ങളുടെ ആദ്യകാലപ്രവർത്തകനായിരുന്ന അദ്ദേഹത്തെ ജീവിതത്തിന്റെ ആത്മീയവും ആന്തരികവുമായ അന്തർഗതങ്ങൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നത്. അക്കിത്തത്തിന്റെ കവിത രൂപപരമായി ആധുനികതയോട് അടുത്തുനിൽക്കുമ്പോഴും ആന്തരികമായി പാരമ്പര്യവാദത്തിന്റെ നേർത്ത നൂലിഴകളാൽ തുന്നിയെടുത്തതായാണ് അനുഭവപ്പെടുക.

മനുഷ്യരുടെ വേദനകളിൽ തപിക്കുന്ന അക്കിത്തത്തിന്റെ കവിത സ്നേഹമെന്ന ലേപനത്തിലൂടെ എല്ലാ ദുഃഖങ്ങൾക്കുമപ്പുറത്തേക്ക് അവരെ കൊണ്ടുപോകാൻ ശ്രമിക്കുന്നു

ദേശീയപ്രസ്ഥാനങ്ങളുടെയും നവോത്ഥാനമുന്നേറ്റങ്ങളുടെയും തീച്ചൂളയിൽ ഉരുവംകൊണ്ട തലമുറയുടെ പ്രതിനിധിയാണ് അക്കിത്തം. സോഷ്യലിസ്റ്റ് ആശയങ്ങളിലും നമ്പൂതിരിനവോത്ഥാന പ്രസ്ഥാനങ്ങളിലും ആവേശമുൾക്കൊണ്ട് ആദ്യകാലത്ത് പൊതുപ്രവർത്തനത്തിൽ മുഴുകിയ അദ്ദേഹം മനുഷ്യന്റെ ദുരിതങ്ങളെച്ചൊല്ലി എന്നും ദുഃഖിക്കുന്നുണ്ട്. മനുഷ്യരുടെ വേദനകളിൽ തപിക്കുന്ന അക്കിത്തത്തിന്റെ കവിത സ്നേഹമെന്ന ലേപനത്തിലൂടെ എല്ലാ ദുഃഖങ്ങൾക്കുമപ്പുറത്തേക്ക് അവരെ കൊണ്ടുപോകാൻ ശ്രമിക്കുന്നു.

മനുഷ്യരുടെ മാത്രമല്ല, ഭൂമിയിലെ സർവചരാചരങ്ങളുടെയും വേദനയിൽ അക്കിത്തം എന്ന കവി വേദനിക്കുന്നുണ്ട്. പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഉൽക്കണ്ഠപ്പെടുന്ന കവിതകൾക്ക്‌ തുടക്കമിട്ടവരിൽ ഒരാളുമാണ്‌ അദ്ദേഹം. കിളികളുടെയും ചെടികളുടെയുമെല്ലാം നഷ്ടങ്ങൾ സ്വന്തം നഷ്ടമായി കവി ഏറ്റെടുക്കുന്നു.

ആന്തരികമായി ആത്മീയപാരമ്പര്യത്തെ പിൻപറ്റുമ്പോഴും രൂപപരമായി വേറിട്ടുനിൽക്കാനുള്ള ശേഷിയാണ് അക്കിത്തത്തെ എന്നും സമകാലികനായ കവിയാക്കുന്നത്. ഏഴ് പതിറ്റാണ്ട് കാവ്യലോകത്ത് പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന്റെ കവിത മിക്കവാറും സമകാലികമായി നിലകൊള്ളുന്നു എന്നത് ചെറിയ കാര്യമല്ല. എല്ലുറപ്പുള്ളതും സുദീർഘവുമായ ആ കാവ്യപ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് വൈകിയെത്തിയ ഈ ജ്ഞാനപീഠലബ്‌ധി. എഴുത്തുകാരൻ എന്ന നിലയിൽ ഇന്ത്യയിൽ ലഭിക്കാവുന്ന ഒട്ടെല്ലാ പുരസ്‌കാരങ്ങളും ഇതോടെ ഈ കാവ്യകാരനെ തേടിയെത്തിക്കഴിഞ്ഞു. പുരസ്‌കാരങ്ങളെപ്പോലും നിഷ്‌പ്രഭമാക്കുന്ന ഉയരത്തിലാണ് കവിയെന്ന നിലയിൽ അക്കിത്തത്തിന്റെ സ്ഥാനം.

ജി ശങ്കരക്കുറുപ്പിനും ഒ എൻ വിക്കുംശേഷം മലയാളകവിതയെ ഒരിക്കൽക്കൂടി രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരം തേടിയെത്തുകയാണ്. മലയാള കാവ്യപാരമ്പര്യത്തിന്റെ വ്യത്യസ്‌ത വഴികളാണ് ഇവരിലൂടെ അംഗീകരിക്കപ്പെട്ടത്. ഉള്ളുറപ്പുള്ള, അതിലേറെ ആർദ്രമായ കവിതാവഴിയാണ് അക്കിത്തത്തിന്റേത്. ആ കാവ്യപാതയാണ് വൈകിയെങ്കിലും രാജ്യം അംഗീകരിക്കുന്നത്.

കവിതാസമാഹാരങ്ങളും നാടകവും കഥകളും ലേഖനസമാഹാരങ്ങളും വിവർത്തനങ്ങളും എല്ലാമടങ്ങുന്നതാണ് അക്കിത്തത്തിന്റെ സർഗജീവിതം. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന ചിന്തയുടെയും അറിവിന്റെയും അന്വേഷണങ്ങളുടെയും നിദർശനമാണ് വിപുലമായ ആ രചനാലോകം. നിലപാടുകളോട് വിയോജിക്കുന്നവർപോലും അംഗീകരിക്കുന്നുവെന്നതാണ് അക്കിത്തത്തിന്റെ കവിതയുടെ കരുത്ത്. സ്‌നേഹവും ആർദ്രതയും അനുകമ്പയുമാണ് ആ കവിതയുടെ അന്തർധാര. ‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവെ ഉദിക്കയാണെന്നാത്മാവിൽ ആയിരം സൗരമണ്ഡലം' എന്ന വരികൾ അക്കിത്തം എന്ന കവിയുടെ കാതൽതന്നെയാണ്. ആ പ്രഖ്യാപനത്തെയാണ് ജ്ഞാനപീഠപുരസ്‌കാരത്തിലൂടെ രാജ്യം ആദരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top