കൊച്ചി
പട്ടികവിഭാഗക്കാരായ എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കുമായി സർക്കാർ സംഘടിപ്പിച്ച തൊഴിൽമേള വൻവിജയം. പങ്കെടുത്ത 262 ഉദ്യോഗാർഥികളിൽ 155 പേർക്ക് ജോലി ലഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കെൽ, കൊച്ചി മെട്രോ, നിർമിതി, എഫ്‌ഐടി, സിൽക്ക്, കൊച്ചി കപ്പൽശാല തുടങ്ങി 27 പൊതുമേഖല–--സ്വകാര്യ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി. സർക്കാർ പദ്ധതിയായ ട്രെയിനിങ് ഫോർ കരിയർ എക്സലൻസിൽ പരിശീലനം നേടിയവരും പങ്കെടുത്തു.
എറണാകുളം ട്രൈബൽ കോംപ്ലക്സിൽ നടന്ന മേള മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്‌തു. അഭ്യസ്തവിദ്യരായ പട്ടികവിഭാഗക്കാർ മത്സരാധിഷ്ഠിത തൊഴിൽമേഖലയിൽ പിന്നാക്കംപോകാതിരിക്കാനാണ് തൊഴിൽമേള ഒരുക്കിയതെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. വനാശ്രിതരായ 500 പട്ടികവർഗക്കാർക്ക് പിഎസ്‌സിവഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നൽകിയിരുന്നു. ഐടിഐ യോഗ്യത നേടിയ 56 പേർക്ക് ഒഡേപെക്‌വഴി വിദേശജോലി ലഭ്യമാക്കി. 340 പേരെ ആരോഗ്യമേഖലയിൽനിയമിച്ചു. പൊലീസിലും നിയമനംനടന്നു. 773പേരെ വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിന് അയച്ചതിൽ 56 പേർക്ക് ജോലി ലഭിച്ചതായും മന്ത്രി പറഞ്ഞു.
രജിസ്‌റ്റർ ചെയ്യാതെ എത്തിയ 36 പേർക്കും മേളയിൽ പങ്കെടുക്കാൻ അവസരം നൽകി. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മേയർ എം അനിൽകുമാർ, ശ്രീധന്യ സുരേഷ്, രേണു രാജ്, പത്മജ എസ് മേനോൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഫെൻസിങ്ങിന് വെങ്കലമെഡൽ നേടിയ സൂര്യ സിബു, എൽഎൽബിക്ക് കോതമംഗലം കറുകടം പ്രീമെട്രിക് ഹോസ്‌റ്റലിൽനിന്ന് പ്രവേശനം ലഭിച്ച ജെ ജയേഷ്, നേര്യമംഗലം ഹോസ്റ്റലിൽനിന്ന് പ്രവേശനം ലഭിച്ച ജോമോൾ ബിനു എന്നിവരെ മന്ത്രി അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..