18 October Friday

പോസ്റ്റല്‍ വകുപ്പിന്‍റെ വീഴ്ചയിൽ ജോലി നഷ്ടപ്പെട്ടു; ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

മലപ്പുറം > ജില്ല കളക്ടറുടെ ഇന്‍റര്‍വ്യൂ അറിയിപ്പ് കൃത്യസമയത്ത് ഉദ്യോഗാർഥിക്ക് നല്‍കുന്നതില്‍ പോസ്റ്റൽവകുപ്പ് വീഴ്ച വരുത്തിയെന്ന കേസിൽ നടപടി. പോസ്റ്റല്‍ വകുപ്പിനോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്റെ ഉത്തരവ്. പുല്‍പ്പറ്റ ചെറുതൊടിയില്‍ അജിത് നല്‍കിയ പരാതിയിലാണ് കമീഷന്റെ ഉത്തരവ്. റവന്യൂ വകുപ്പില്‍ സർവേയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് പരാതിക്കാരന് കിട്ടാതിരുന്നത്.

2024 ഫെബ്രുവരി 14ന് നടന്ന അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16ന് മാത്രമാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫിസ് മുഖേന കത്ത് അയച്ചിരുന്നു. ഇത് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റ് ഓഫിസില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഫെബ്രുവരി 16നാണ് ഉദ്യോഗാര്‍ഥിക്ക് കത്ത് കിട്ടിയത്. പരാതിക്കാരന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റല്‍ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേര്‍ന്ന് നല്‍കണം. അല്ലെങ്കിൽ വിധി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top