22 November Friday

സൗദിയില്‍ പുതിയ പതിനാല്‌ മേഖലകളിലേക്കും സ്വദേശിവല്‍ക്കരണം

അനസ് യാസിന്‍Updated: Friday Nov 29, 2019

മനാമ> ലക്ഷക്കണക്കിന് സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കാനായി വന്‍ സ്വദേശിവല്‍ക്കരണത്തിന് സൗദി തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നു. റെസ്റ്ററണ്ടും അക്കൗണ്ടിംഗുമടക്കം പ്രധാനപ്പെട്ട പതിനാലു മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനായി 'തൗതീന്‍' എന്ന പദ്ധതി നടപ്പാക്കാനാണ് നീക്കം.

അഞ്ചു ഗ്രൂപ്പുകളിലായി ടൂറിസ്റ്റ് അക്കമ്മഡേഷന്‍, ടെലികോം, എന്റര്‍ടൈന്‍മെന്റ്, ഐടി, ഗതാഗതം, ലോജിസ്റ്റിക്, റെസ്റ്റൊറണ്ട്, കോഫി ഷോപ്പ്, കോണ്‍ട്രാക്ടിംഗ്, റിയല്‍ എസ്റ്റേറ്റ്, ലീഗല്‍ കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് മേഖലകളാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക.

ഇതിനായി കണ്‍സള്‍ട്ടന്‍സികളുടെയും സ്‌പെഷ്യലിസ്റ്റ് കമ്പനികളുടെയും സഹായം തേടും.സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതിന്റെ ഫലമായി സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നാലു ഘട്ടങ്ങളിലായി ടെലികോം, ഐ.ടി മേഖലയില്‍ 14,000 തൊഴിലവസരങ്ങള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള പദ്ധതി തുടങ്ങി.

ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള ആതിഥേയ മേഖലയില്‍ മൂന്നു ഘട്ടങ്ങളായി സൗദിവല്‍ക്കരണം നടപ്പാക്കാനും തീരുമാനമായി. 2018 സെപ്റ്റംബര്‍ 11 മുതല്‍ കഴിഞ്ഞ ജനുവരി ഏഴുവരെ മൂന്നു ഘട്ടങ്ങളിലായി വാച്ച് കടകള്‍, ഇലക്ട്രിക്- ഇലക്ട്രോണിക് ഷോറൂമുകള്‍ അടക്കം 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരുന്നു. പ്രവാസികള്‍ വന്‍തോതില്‍ ജോലി ചെയ്തിരുന്ന മേഖലകളായിരുന്നു ഇവയെല്ലാം.

 രണ്ടര വര്‍ഷത്തിനിടെ 19 ലക്ഷത്തോളം വിദേശികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. 14 പുതിയ മേഖലകളില്‍കൂടി നടപ്പാക്കുന്നതോടെ ലക്ഷകണക്കിന്എ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top