18 November Monday

തൊഴിൽ തട്ടിപ്പ്‌; ഇന്ദുവിന്റെ ഭർത്താവ്‌ ഷാരോണും പ്രതി

സ്വന്തം ലേഖകൻUpdated: Wednesday Feb 2, 2022

പൊലീസ്‌ കസ്‌റ്റഡിയിലായ ഇന്ദു

ചേർത്തല > ജോലി വാഗ്‌ദാനംചെയ്‌ത്‌ ഒരുകോടിയിലേറെ രൂപ യുവതിയുടെ നേതൃത്വത്തിൽ തട്ടിയെടുത്ത കേസിൽ ഭർത്താവിനെയും പ്രതിചേർത്തു. കസ്‌റ്റഡിയിൽ വാങ്ങിയ ഒന്നാംപ്രതി ഇന്ദുവുമായി ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ പൊലീസ്‌ തെളിവെടുത്തു. കോൺഗ്രസ് നേതാവ്‌ വി എസ്‌ ശിവകുമാർ മന്ത്രിയായിരിക്കെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന വാസുദേവൻനായരുടെ മകളാണ്‌ ഇന്ദു.
 
ആലപ്പുഴ കലവൂർ സ്വദേശി ഷാരോണിനെയാണ്‌ കേസിൽ പുതുതായി പ്രതിയാക്കിയത്‌. യുവതിയെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെയും പണമിടപാട്‌ രേഖകളുടെയും അടിസ്ഥാനത്തിലാണ്‌ നടപടി. 
തട്ടിപ്പിൽ ഇയാളുടെ പങ്കിന്‌ വ്യക്തമായ തെളിവ്‌ പൊലീസിന്‌ ലഭിച്ചു. ഇന്ദുവിന്റെയും ഷാരോണിന്റെയും പേരിലെ സംയുക്ത അക്കൗണ്ടിലേക്കാണ്‌ ഇരകളിൽ പലരും ലക്ഷങ്ങൾ കൈമാറിയത്‌. ഇന്ദുവിനെ തള്ളിപ്പറഞ്ഞ ഷാരോൺ തട്ടിപ്പിൽ ബന്ധമില്ലെന്നാണ്‌ നേരത്തെ നൽകിയ മൊഴി.
 
ഒന്നാംപ്രതി  ഇന്ദു(സാറ -35),  ഇടനിലക്കാരനായ ചേർത്തല സ്വദേശി ശ്രീകുമാർ (53) എന്നിവരെ ചേർത്തല പൊലീസ് നേരത്തെ പിടികൂടിയിരുന്നു.  ഇന്ദുവിനെ തിങ്കളാഴ്‌ചയാണ്‌ കോടതി കസ്‌റ്റഡിയിൽവിട്ടത്‌. കലവൂരിലെ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇന്ദുവിന്റെ ഭർത്താവ്‌ ഷാരോൺ.  ഇന്ദുവിനെ ബുധനാഴ്‌ച ആലപ്പുഴയിൽ വിവിധയിടങ്ങളിൽ എത്തിച്ച്‌ തെളിവെടുത്തേക്കും. പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലും ജോലി വാഗ്ദാനംചെയ്‌താണ്‌ ഇവർ സംസ്ഥാനവ്യാപക തട്ടിപ്പ്‌ നടത്തിയത്‌. 38 പേരിൽനിന്ന്‌ മൂന്ന്‌ മുതൽ 8.5 ലക്ഷംവരെ തട്ടിയതായാണ് മൊഴി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top