പാലക്കാട്
യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള തൊഴിൽ വാഗ്‌ദാനംചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. പാലക്കാട് ചക്കാന്തറ മുക്കാമി ഭവനിൽ ദൃശ്യൻ (33) ആണ് പിടിയിലായത്. പാലക്കാട് സിജെഎം കോടതി ഇയാളെ റിമാൻഡ്‌ചെയ്തു. മറ്റുപ്രതികൾ ഒളിവിലാണ്. കാനഡ, ന്യൂസിലൻഡ്, സെർബിയ, സ്വീഡൻ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങളുണ്ടെന്ന് സമൂഹമാധ്യമങ്ങളും സുഹൃത്തുക്കളും വഴിയാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. അഞ്ചുമുതൽ 10 ലക്ഷം രൂപവരെ ഒരോരുത്തരിൽനിന്ന് കൈക്കലാക്കിയിട്ടുണ്ട്. മൂന്നരലക്ഷം രൂപ തട്ടിയതായി ആലത്തൂർ സ്വദേശി സനൂഷ് നൽകിയ പരാതിയിലാണ് ദൃശ്യനെ പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്.
പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസാതട്ടിപ്പ് സംഘത്തിലുൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലയിൽ കാടാങ്കോട് വിങ്സ് പ്രിസ്റ്റേഴ്‌സ്, യുകെ കോൾ ഇൻ, കൊടുമ്പിൽ മെർജ് എഡ്യൂക്കേഷൻ എന്നീ പേരുകളിൽ സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഇവ അടച്ചിട്ടിരിക്കുകയാണ്.
പരാതിപ്പെടുമെന്ന് ഉറപ്പുള്ളവരെ അനുനയിപ്പിച്ച് പണം മടക്കിനൽകാമെന്ന് കരാർ ഉണ്ടാക്കിയും പറ്റിച്ചു. വ്യാജ കരാർ തയ്യാറാക്കിയവരെയും വ്യാജ ഇന്റർവ്യു നടത്തിയവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. അങ്കമാലി, ചാലക്കുടി, ആലുവ എന്നിവിടങ്ങളിലായി ഏതാനും ഏജന്റുമാരും ദൃശ്യന്റെ സഹായികളാണ്. തട്ടിപ്പുനടത്തിയുണ്ടാക്കിയ പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു. പാലക്കാട് സൗത്ത് സ്‌റ്റേഷൻ ഇൻസ്പെക്ടർ എ ആദംഖാന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..