തിരുവനന്തപുരം> തൊഴിൽ സാഹചര്യം യുവജനങ്ങളെ ഹൃദയാഘാതത്തിലേക്ക് തള്ളിവിടുന്നതായി ഹൃദ്‌രോഗവിദഗ്‌ധർ. ജോലിസമ്മർദം, വിശ്രമമില്ലായ്‌മ എന്നിവ അനാരോഗ്യകരമായ ജീവിതത്തിനും മരണത്തിനുമിടയാക്കുന്നു. ഇ ആൻഡ് വൈ ജീവനക്കാരിയായ അന്നയുടെ മരണം ഇതിനുദാഹരണമാണ്.
"യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ' എന്നാണ് ഇത്തവണത്തെ ഹൃദയദിന സന്ദേശം. രാജ്യത്ത് കൂടുതൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന സ്ഥാപനങ്ങളിൽ അഞ്ചാമതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. കഴിഞ്ഞ നാലുമാസത്തിൽ 4000 ഹൃദ്‌രോഗികളെയാണ് മെഡിക്കൽ കോളേജ് ഒപിയിൽ ചികിത്സിച്ചത്. ഒരുമാസം 400 ആൻജിയോപ്ലാസ്റ്റികളും ചെയ്യുന്നു. ഇതിൽ 200ഉം ഗുരുതരമായെത്തുന്ന രോഗികളാണ്. ഇവിടെയത്തുന്ന രോഗികളിൽ 15 മുതൽ 20ശതമാനവും 40ൽ താഴെ പ്രായമുള്ളവരാണ്.
ഹൃദയസംബന്ധമായ പ്രശ്നവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന രോഗിയിൽ അരമണിക്കൂറിനുള്ളിൽ ആൻജിയോപ്ലാസ്റ്റി ചെയ്ത് ഐസിയുവിലേക്ക് മാറ്റുമെന്ന് മെഡിക്കൽ കോളേജ് ഹൃദ്‌രോഗവിഭാഗം മേധാവിയും കേരള ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. കെ ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസിതരാജ്യങ്ങൾക്കുസമാനമായ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും ലഭ്യമായതോടെ കൂടുതൽ പേർ ചികിത്സയ്‌ക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജും കേരള ഹാർട്ട് ഫൗണ്ടേഷനും തിരുവനന്തപുരം കാർഡിയോളജി അക്കാദമിക് സൊസൈറ്റിയും സംയുക്തമായി ഞായറാഴ്‌ച ലോക ഹൃദയദിനമാചരിക്കും. ഇതിന്റെ ഭാഗമായി രാവിലെ 6.30ന് മ്യൂസിയം പ്രവേശന കവാടത്തിൽ ഫ്ലാഷ്‌മോബ് സംഘടിപ്പിക്കും. ഏഴിനുള്ള വാക്കത്തൺ മന്ത്രി വീണാ ജോർജ് ഫ്ലാഗ്‌ഓഫ് ചെയ്യും. 7.30 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 10.30ന് മന്ത്രി വീണാ ജോർജ് ദിനാചരണം ഉദ്‌ഘാടനം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8921979171 എന്ന വാട്‌സാപ് നമ്പരിൽ സന്ദേശമയക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് സൗജന്യ പരിശോധന. മെഡിക്കൽ കോളേജ് ഹൃദ്‌രോഗവിഭാഗം പ്രൊഫസർമാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..