തിരുവനന്തപുരം> ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ ജീവനക്കാരൻ ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭാഗമാണിത്.
നഗരസഭയിലെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് കനാലിൽ നിന്നും മൃതദേഹം പുറത്തെടുത്തു. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും.
മനുഷ്യരും യന്ത്രങ്ങളും സാങ്കേതിക വിദ്യയും ഒരുമിച്ചുചേർന്നിട്ടും റെയിൽവേ പരിധിയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ഒഴുക്കിൽപ്പെട്ട ശുചീകരണത്തൊഴിലാളിയെ കണ്ടെത്താനായിരുന്നില്ല. ശനി പകൽ 11നാണ് മാരായമുട്ടം വടകര മലഞ്ചേരി വീട്ടിൽ ജോയി (47) യെ ഓട ശുചിയാക്കുന്നതിനിടെ കാണാതായത്.
മാലിന്യം നീക്കാൻ റെയിൽവേയാണ് സുരക്ഷാ സംവിധാനമൊന്നുമില്ലാതെ ജോയി അടക്കം നാലുപേരെ ഏർപ്പാടാക്കിയത്. അപകടവിവരം അറിഞ്ഞതുമുതൽ സകല സംവിധാനങ്ങളും ഉപയോഗിച്ച് നാടാകെ തൊഴിലാളിയുടെ ജീവനായി ആകുന്നതെല്ലാം ചെയ്യുമ്പോഴും റെയിൽവേ അധികൃതരിൽനിന്ന് സഹകരണവുമുണ്ടായില്ല. രണ്ടാംദിവസവും പരിശോധന നടക്കുന്ന ഭാഗത്തുകൂടി ട്രെയിനോടിച്ചു. സർക്കാരും കോർപറേഷനുംചേർന്ന് രക്ഷാദൗത്യത്തിനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ ജെറോമിക് ജോർജ് എന്നിവരാണ് രക്ഷാദൗത്യം ഏകോപിപ്പിച്ചത്.
റെയിൽവേ സ്റ്റേഷനുള്ളിലൂടെ ഒഴുകുന്ന തോടിന്റെ 150 മീറ്റർ തുരങ്കത്തിനുള്ളിലാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. ടൺകണക്കിന് മാലിന്യമാണ് ഇവിടെയുള്ളത്. ഇതാണ് അഗ്നിരക്ഷാസേനയിലെ സ്കൂബാ ഡൈവിങ് സംഘത്തിനുള്ള പ്രധാന വെല്ലുവിളി. 40 ലോഡ് മാലിന്യമാണ് രണ്ടുദിവസം നീക്കിയത്. ടണലിന്റെ 80 മീറ്ററോളം പരിശോധന നടത്തി. ട്രാക്കുകൾക്കിടയിലുള്ള ഓടയിലും ആളിറങ്ങി. ‘ബൻഡികൂട്ട്’ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ശനി രാത്രി 12.30വരെയും ഞായർ രാവിലെ ആറുമുതലും മാലിന്യം നീക്കി.
ടണലിനുള്ളിൽ ക്യാമറ കടത്തിവിട്ടുള്ള പരിശോധനയിൽ മനുഷ്യശരീരത്തോടു സാമ്യമുള്ള ദൃശ്യം ലഭിച്ചിരുന്നു. ഇത് മാലിന്യക്കൂമ്പാരമാണെന്ന് പിന്നീട് കണ്ടെത്തി. ടണലിനുള്ളിലേക്ക് വലിയ അളവിൽ വെള്ളം പമ്പുചെയ്ത് മാലിന്യം നീക്കാനുള്ള പരീക്ഷണവും നടത്തി. നാവിക സേനയുടെ അതിവിദഗ്‌ധ മുങ്ങൽസംഘത്തെകൂടി ഉൾപ്പെടുത്തി തിങ്കളാഴ്‌ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സംഘവും സ്കൂബ സംഘവും തിരച്ചിൽ നടത്തി വരുമ്പോഴാണ് തകരപ്പറമ്പിലെ കനാലിൽ മൃതദേഹം കണ്ടെത്തിയതായി വിവരം കിട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..