21 November Thursday

ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മാത്രം ഉത്തരം; കേന്ദ്രമന്ത്രിക്ക്‌ മലയാളത്തിൽ കത്തയച്ച്‌ ജോൺ ബ്രിട്ടാസ്‌

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024

ന്യൂഡൽഹി> എംപിമാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക്‌ ഹിന്ദിയിൽ മാത്രം മറുപടി നൽകുന്ന കേന്ദ്ര സഹമന്ത്രി രവ്നീത് സിംഗ്‌ ബിട്ടുവിന്‌ പ്രതിഷേധസൂചകമായി മലയാളത്തിൽ കത്തയച്ച്‌ ജോൺ ബ്രിട്ടാസ്‌എംപി. കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയർത്തിപ്പിടിച്ചു കൊണ്ട് ജോൺ ബ്രിട്ടാസ് കേന്ദ്രമന്ത്രിക്ക്‌ മലയാളത്തിൽ കത്തയച്ചത്‌.

ഹിന്ദിയിൽ മാത്രമുള്ള മറുപടികൾ ബോധപൂർവ്വമാണെന്ന്‌ ജോൺ ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് താൻ മലയാളത്തിൽ പ്രതികരിക്കാൻ നിർബ്ബന്ധിതനാകുന്നത്. തനിക്കുനേരേ മാത്രമല്ല ഈ നിലപാടുണ്ടാകുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള മറ്റ്‌ എംപിമാരും ഇതേ ദുരനുഭവം നേരിടുന്നു – ജോൺ ബ്രിട്ടാസ് വിശദീകരിച്ചു.

ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്കുള്ള മന്ത്രി രവ്നീത് സിംഗിന്റെ  പ്രതികരണങ്ങളെല്ലാം ഹിന്ദിയിലായിരുന്നു. രാജ്യസഭയിൽ ജൂലൈ 22, 25 തിയതികളിലെ പ്രത്യേക പരാമർശങ്ങൾക്കും ആഗസ്റ്റ് അഞ്ചിലെ ശൂന്യവേളാ നോട്ടീസിനും മന്ത്രി ഹിന്ദിയിൽ മറുപടി നൽകിയതാണ്‌ ഏറ്റ‍വും ഒടുവിലെ ഉദാഹരണങ്ങൾ. ഈ സാഹചര്യത്തിലാണ് മലയാളത്തിലുള്ള ജോൺ ബ്രിട്ടാസിന്റെ കത്ത്.

ഔദ്യോഗികഭാഷാ നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിനിമയങ്ങൾക്കും പാർലമെന്ററി നടപടികൾക്കും ഇംഗ്ലീഷ് കൂടി ഉപയോഗിക്കാം. ഹിന്ദി ഔദ്യോഗികഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള വിനിമയങ്ങളിൽ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കേണ്ടതാണ് എന്നും ഇതേ നിയമം അനുശാസിക്കുന്നുണ്ട്. പാർലമെന്റിൽ, പ്രത്യേകിച്ച് ഹിന്ദി ഔദ്യോഗികഭാഷയോ വ്യാപകമായി സംസാരിക്കുന്ന ഭാഷയോ അല്ലാത്ത ദക്ഷിണേന്ത്യൻ എംപിമാരുമായുള്ള ആശയവിനിമയത്തിൽ, ഭാഷാപരമായ ഉൾക്കൊള്ളൽ സമീപനം പുലരണം എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതാണ് ഈ നിയമഭാഗങ്ങൾ.

ഭാഷാവൈവിധ്യമുള്ള സമൂഹങ്ങൾ തമ്മിലുള്ള നിർവിഘ്നമായ ആശയവിനിമയത്തിനു കൂടി ഉതകുന്നതാണ് നിയമത്തിലെ ഈ അനുശാസനങ്ങൾ. ഹിന്ദിയിൽമാത്രം മറുപടി എന്ന ഇപ്പോ‍ഴത്തെ നിലപാട് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരുടെ പാർലമെന്ററി നടപടികളിലുള്ള പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കും. ഹിന്ദിയിൽ മാത്രം ആശയവിനിമയമെന്ന പ്രവണതയിൽ തിരുത്തൽ വരുത്തണം– ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top