23 November Saturday
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌മാരകപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വിസി നിയമനത്തിന് മാനദണ്ഡം 
വേണ്ടെന്ന നിലപാട് അപകടകരം: മന്ത്രി

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

തിരുവനന്തപുരം
വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് മാനദണ്ഡമൊന്നും വേണ്ടെന്ന സാഹചര്യം ഏറെ അപകടകരമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജനാധിപത്യ സംവിധാനത്തിന് അകത്ത് സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യുന്നതിനു പകരമുള്ള രീതികൾ ജനാധിപത്യ ധംസ്വനമാണ്. സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലാത്ത അവസ്ഥ അക്കാദമിക പ്രശ്നമായിട്ട് ഉയർന്നുനിൽക്കുകയാണ്.

വിദ്യാഭ്യാസത്തിന്റെ പൊതുസ്വാഭാവത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റ 2023ലെ മുണ്ടശ്ശേരി സ്‌മാരക പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭാഷയുടെ വികാസത്തിനും വിദ്യാഭ്യാസ പരിഷ്‌കാരത്തിനും ജോസഫ് മുണ്ടശ്ശേരി നൽകിയ സംഭാവനകളെന്നും ഓർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കലാ-സാഹിത്യ- സാംസ്കാരികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 50,001 രൂപ ക്യാഷ് അവാർഡും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനുമായ വട്ടപ്പറമ്പിൽ പീതാംബരൻ ഏറ്റുവാങ്ങി. വൈജ്ഞാനിക സാഹിത്യരചനയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള 10,001 രൂപ ക്യാഷ് അവാർഡ് അടങ്ങുന്ന പുരസ്കാരം ‘മഞ്ഞുരുകുമ്പോൾ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. യു ആതിര ഏറ്റുവാങ്ങി. പട്ടം ജോസഫ് മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. എസ് രാജശേഖരൻ അധ്യക്ഷനായി. ഡോ. ജെസി നാരായണൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ഗവേണിങ് ബോർഡ് അംഗങ്ങളായ ഡോ. പി സോമൻ, പി എൻ സരസമ്മ, സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം വി എസ് ബിന്ദു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, മുണ്ടശ്ശേരി ഫൗണ്ടേഷൻ സെക്രട്ടറി വി രാധാകൃഷ്ണൻ, വിതുര ശിവനാഥ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top