23 December Monday

ജോയി വധം: 5 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024


കഴക്കൂട്ടം
കൊലക്കേസ്‌ പ്രതി പന്തലക്കോട് കുറ്റ്യാണി സ്വദേശി ജോയിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ. കുറ്റ്യാണി മുംതാസ് മൻസിലിൽ എ ഷജീർ (39), കുറ്റ്യാണി ലക്ഷംവീട്ടിൽ വി എം രാകേഷ് (36), വള്ളക്കടവ് പുതുവൽപുത്തൻ നന്ദുലാൽ (30), നേമം എസ്റ്റേറ്റ് വാർഡ്‌ (ടിസി 53/12/1) വിനോദ് (38), മണക്കാട് ശ്രീവരാഹം അടിയിക്കത്തറ പുത്തൻവീട്ടിൽ ഉണ്ണികൃഷ്‌ണൻനായർ (42) എന്നിവരെയാണ് പിടികൂടിയത്‌. കന്യാകുമാരിയിൽനിന്നാണ്‌ ഇവരെ പിടികൂടിയത്‌. പ്രതികൾ പലതവണ ജോയിയെ പിന്തുടർന്ന് കൊലപ്പെടുത്താൻ അവസരം നോക്കിയിരുന്നു.

ഒടുവിൽ, വെള്ളി രാത്രി 8.45ഓടെ പൗഡിക്കോണം സൊസൈറ്റിമുക്കിൽ ഓട്ടോ തടഞ്ഞുനിർത്തിയാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. ജോയി കുറ്റ്യാണി, പന്തലക്കോട് ഭാഗങ്ങളിൽ സംഘമായെത്തി ഗുണ്ടാപ്പിരിവും മണ്ണ്‌ കടത്തും നടത്തിയിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇതിന്റെ പേരിൽ മറ്റുസംഘങ്ങളുമായി തർക്കങ്ങളുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിനിടയാക്കിയതെന്ന്‌ അന്വേഷണസംഘം അറിയിച്ചു.

ആറ്റിങ്ങൽ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്താണ്‌ ജോയിയെ പിന്തുടർന്നത്‌. കൊലയ്ക്കുശേഷം കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച്‌ ഇവർ കന്യാകുമാരിയിലേക്ക്‌ കടന്നു. ഞായർ പുലർച്ചെ രണ്ടിനാണ്‌ ഇവരെ പിടികൂടിയത്‌. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–-ഒന്ന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മറ്റാരെങ്കിലും ക്വട്ടേഷൻ നൽകിയതാണോയെന്ന്‌ പരിശോധിക്കുമെന്ന്‌ കമീഷണർ സ്‌പർജൻ കുമാർ അറിയിച്ചു.

ശരീരത്തിൽ 22 വെട്ട്‌
ജോയിയുടെ ശരീരത്തിലുണ്ടായിരുന്നത്‌ ഇരുപത്തിരണ്ടോളം മുറിവുകൾ. കാലിനും കൈയ്‌ക്കും കഴുത്തിലും മാരകമായി വെട്ടേറ്റിരുന്നതായി അന്വേഷകസംഘം അറിയിച്ചു. കാലുകൾ അറ്റ്‌ തൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്ന് റോഡരികിൽ കിടന്ന ജോയിയെ ശ്രീകാര്യം പൊലീസ് എത്തിയശേഷമാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ശനി പുലർച്ചയോടെ മരിച്ചു.

കാപ്പ കേസിൽ അറസ്റ്റിലായിരുന്ന ജോയി നാലുദിവസം മുമ്പാണ്‌ ജയിൽ മോചിതനായത്‌. വിഷ്‌ണുനഗർ ഭാഗത്ത് താമസത്തിനെത്തിനെത്തിയെങ്കിലും ഗുണ്ടയാണെന്ന്‌ ആരും തിരിച്ചറിഞ്ഞിരുന്നില്ല. വട്ടപ്പാറ, പോത്തൻകോട് സ്റ്റേഷനുകളിൽ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്.  നഗരത്തെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായത്‌ പൊലീസിന്റെ മികവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top