19 September Thursday

ജഡ്ജിമാർ മതവിശ്വാസം 
പരസ്യമാക്കേണ്ട: ജസ്റ്റിസ് ഹിമ കോഹ്ലി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ന്യൂഡല്‍ഹി
ജഡ്ജിമാർ പൊതുമധ്യത്തിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  വെളിപ്പെടുത്തരുതെന്നാണ് വ്യക്തിപരമായ നിലപാടെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി. ന്യായാധിപരുടെ മതവിശ്വാസം വളരെ സ്വകാര്യമായ കാര്യമാണ്. അത് ഔദ്യോഗിക ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുത്. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ​ഗണേശപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് സംബന്ധിച്ച വിവാദത്തിലാണ് മുന്‍ജഡ്ജി പരോക്ഷവിമര്‍ശം ഉന്നയിച്ചത്. ബാർ ആൻഡ് ബെഞ്ച് എന്ന നിയമകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

വിശ്വാസവും ആത്മീയതയും മതത്തിൽനിന്ന് വളരെ വ്യത്യസ്തമാണ്. അവ തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണം. ജുഡീഷ്യല്‍ സംവിധാനത്തിന്റെ ഭാ​ഗമായി നില്‍ക്കുന്നവരുടെ മതം മനുഷ്യത്വവും ഭരണഘടനയുമാകണം.

പൊതുമധ്യത്തിലുള്ള കാര്യങ്ങൾ വ്യത്യസ്ത തലത്തിലുള്ളവര്‍ ഉൾക്കൊള്ളണം എന്നാണ്  പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.  ന്യായാധിപന്റെ വ്യക്തിപരമായ താൽപ്പര്യങ്ങള്‍ നീതിന്യായ നിർവഹണത്തെ ബാധിക്കുമെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടരുത്.  നീതിന്യായ സംവിധാനവും ഭരണനിര്‍വഹണ സംവിധാനവും പൊതുഇടങ്ങളില്‍ ഇടപഴകേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അത് നീതിനിർവഹണത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top