15 November Friday
ഹരിയാന ഘടകത്തിന്റെ എതിർപ്പ്‌ തള്ളി വനിതാ 
 സഹപ്രവർത്തകയെ വേണുഗോപാൽ 
 സ്ഥാനാർഥിയാക്കിയെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകൻ

കെ സി വേണുഗോപാലിനെതിരെ കാസ്‌റ്റിങ്‌ കൗച്ച്‌ ആരോപണം ; കോൺഗ്രസ്‌ മറുപടി പറയണമെന്ന്‌ ബിജെപി

സ്വന്തം ലേഖകൻUpdated: Friday Oct 11, 2024


ന്യൂഡൽഹി
കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ കാസ്‌റ്റിങ്‌ കൗച്ച്‌ ആരോപണമുയർത്തി മുതിർന്ന മാധ്യമപ്രവർത്തകൻ. ടി വി ചർച്ചകളിലും ഓൺലൈൻ ചർച്ചകളിലും കോൺഗ്രസ്‌ അനുകൂല  നിലപാട്‌ സ്വീകരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ അശോക്‌ വാംഖഡെയാണ്‌ വേണുഗോപാലിനെതിരായി ലൈംഗികാരോപണം ഉയർത്തിയത്‌. ഹരിയാനയിൽ വേണുഗോപാലിന്‌ താൽപ്പര്യമുള്ള വനിതയ്‌ക്ക്‌ സീറ്റ്‌ നൽകിയെന്നും വിഷയാസക്തിക്കുളള താവളമാക്കി ഹരിയാന കോൺഗ്രസിനെ വേണുഗോപാൽ മാറ്റിയെന്നും ഒരു ഓൺലൈൻ ചർച്ചയിൽ വാംഖഡെ തുറന്നടിച്ചു. 

വാംഖഡെയുടെ ആരോപണങ്ങൾ ഏറ്റെടുത്ത്‌ ബിജെപിയും രംഗത്തെത്തി. കോൺഗ്രസ്‌ അനുകൂല മാധ്യമപ്രവർത്തകനാണ്‌ ആരോപണം ഉന്നയിക്കുന്നതെന്നും വേണുഗോപാലും കോൺഗ്രസും മറുപടി നൽകണമെന്നും ബിജെപിയുടെ ഐടി വിഭാഗം ചുമതലക്കാരനായ അമിത്‌ മാളവ്യ സമൂഹമാധ്യമത്തിൽ കുറിച്ചു. ആരോപണങ്ങൾക്ക്‌ കെ സി വേണുഗോപാലോ കോൺഗ്രസ്സോ മറുപടി നൽകിയിട്ടില്ല.

ഹരിയാനയിൽ വേണുഗോപാൽ വനിതാ സുഹൃത്തിന്‌ സീറ്റ്‌ നൽകിയെന്നാണ്‌ വാംഖഡെ ആരോപിച്ചത്‌. ‘‘വേണുഗോപാലിന്‌ ഒരു വനിതാ സഹപ്രവർത്തകയുണ്ട്‌. അവർക്ക്‌ ടിക്കറ്റ്‌ നൽകുന്നതിനെ ഹരിയാന ഘടകം പൂർണമായി എതിർത്തിരുന്നു. എന്നിട്ടും സീറ്റ്‌ നൽകി. പാർടി എതിർത്തിട്ടും എന്തുകൊണ്ട്‌ വനിതാ സുഹൃത്തിന്‌ സീറ്റുകിട്ടാൻ നിർബന്ധം പിടിച്ചുവെന്ന്‌ വേണുഗോപാൽ വിശദീകരിക്കണം. സംഘടനാ ജനറൽ സെക്രട്ടറി ഹരിയാനയിലെ സംഘടനയിൽ ശ്രദ്ധിക്കാതെ തന്റെ വനിതാ സുഹൃത്തുക്കൾക്ക്‌ സീറ്റുറപ്പിക്കുന്നതിലാണ്‌ ശ്രദ്ധകാട്ടിയത്‌’’–- വാംഖഡെ പറഞ്ഞു.

ഹരിയാനയിലെ മുൻ എംഎൽഎയായ ശാരദ റാത്തോഡും കോൺഗ്രസ്‌ സീറ്റുവിതരണത്തിൽ  ക്രമക്കേട്‌ ആരോപിച്ച്‌ രംഗത്തെത്തി. ഡൽഹിയോട്‌ ചേർന്നുള്ള ബല്ലഭ്‌ഗഡ് മണ്ഡലത്തിൽ രണ്ടുവട്ടം ജയിച്ച ശാരദ റാത്തോഡിന്‌ ഇക്കുറി ഹൈക്കമാൻഡ്‌ സീറ്റ്‌ നിഷേധിച്ചു. യൂത്ത്‌കോൺഗ്രസ്‌ വനിതാ നേതാവായ പരാഗ്‌ ശർമയെയാണ്‌ പരിഗണിച്ചത്‌. സീറ്റ്‌ നിഷേധിച്ചത്‌ എന്തുകൊണ്ടെന്ന്‌ അറിയില്ലെന്നും തൊലിയിലും പണത്തിലുമാണ്‌ കാര്യമെന്നും ശാരദ ആരോപിച്ചു. വിമതയായി മത്സരിച്ച ശാരദ 44076 വോട്ട്‌ പിടിച്ച്‌ ബിജെപിക്ക്‌ പിന്നിൽ രണ്ടാമതായപ്പോൾ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ പരാഗ്‌ ശർമയ്‌ക്ക്‌ കിട്ടിയത്‌ എണ്ണായിരം വോട്ട്‌ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top