25 November Monday

കെ ഫോണ്‍: 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തിരുവനന്തപുരം> ജനങ്ങളുടെ അവകാശമാണ് ഇന്റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കെ ഫോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുകയാണ്. അങ്ങനെ ഇന്റര്‍നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിര്‍വ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്, അഥവാ കെ-ഫോണ്‍. കെ-ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്.


കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ തന്നെ നമ്മള്‍ നേടിയെടുത്തിരുന്നു. നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിള്‍ വലിച്ചിട്ടുണ്ട്. 2,105 വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുള്ള ഓഫീസുകളിലും വീടുകളിലും എല്ലാം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാണ്. ആ പശ്ചാത്തലത്തിലാണ് ഇന്നിവിടെ കെ-ഫോണിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും എത്രയും വേഗം തന്നെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്നു.

ലോകത്തേറ്റവും അധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 700 ലധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സര്‍ക്കാര്‍ സവിശേഷമായി ഇടപെടുന്നത്. ആ നിലയ്ക്ക്,  സര്‍ക്കാരിന്റെ, നമ്മുടെ നാടിന്റെ ജനകീയ ബദല്‍ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോണ്‍ പദ്ധതി.

കോവിഡാനന്തര ഘട്ടത്തില്‍ പുതിയ ഒരു തൊഴില്‍സംസ്‌കാരം രൂപപ്പെട്ടുവരികയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികള്‍ വര്‍ദ്ധിച്ച തോതില്‍ നിലവില്‍ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കണം എന്നുണ്ടെങ്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോണ്‍ പദ്ധതി.

മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകര്‍ഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണ്.

മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാന്‍ സാര്‍വ്വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് കെ-ഫോണിലൂടെ നാം ചെയ്യുന്നത്. അതിലൂടെ കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ് നമ്മള്‍. അങ്ങനെ ആഗോള മാനങ്ങളുള്ള നവകേരള നിര്‍മ്മിതിക്ക് അടിത്തറയൊരുക്കുകയാണ്.

ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ-ഫോണ്‍ പദ്ധതി എന്ന് നാം കാണണം. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ്  കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നറിയിക്കട്ടെ. കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും.

എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ ഉള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ന് ചോദിച്ചവര്‍ ഇവിടെയുണ്ട് എന്നത് നാം മറക്കരുത്. പൊതുമേഖലയില്‍ ഒന്നും വേണ്ട, എല്ലാം സ്വകാര്യ മേഖലയില്‍, കുത്തക വാദത്തിന്റെ മൂലധന ശൈലിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അവര്‍ക്ക് എളുപ്പം മനസ്സിലാവുന്നതല്ല കേരളത്തിന്റെ ബദല്‍. അതേ ആളുകള്‍ തന്നെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നും ദിവാസ്വപ്നം എന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചത്.

ആ കിഫ്ബിയിലൂടെയാണ് കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഈ കേരളത്തില്‍ ഏറ്റെടുത്തിട്ടുള്ളത് എന്നത് ഓര്‍മ്മിക്കണം. കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവസമാഹരണം നടത്തിക്കൊണ്ടാണ്. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവന്‍  പ്രദേശങ്ങളിലും എത്തിക്കാന്‍ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ആ കിഫ്ബി തകര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെ കാണണമെന്നു ജനങ്ങള്‍ തന്നെ ചിന്തിക്കട്ടെ.

നാടിനാകെ ഗുണകരമാകുന്ന വിധത്തിലാണ് കെ-ഫോണ്‍ പദ്ധതിയും നടപ്പാക്കുന്നത്. കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താന്‍ കൂടി വൈദ്യുതി, ഐ ടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി അങ്ങേയറ്റം  സഹായകമാവും. ആ നിലയ്ക്കും കേരളം മുന്നോട്ടുവെക്കുന്ന ഒരു ബദലാണിത്.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയമുയര്‍ത്തി കെ-ഫോണ്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ചിലര്‍ അപ്പോഴും ചോദിച്ചു, എന്തിനാണ് ആളുകള്‍ക്ക് ഇന്റര്‍നെറ്റ്? എല്ലാവരുടെയും കൈകളില്‍ ഫോണില്ലേ? ഒറ്റനോട്ടത്തില്‍ ശരിയാണെന്ന സംശയം വരും. നാം ചുറ്റുപാടും കാണുന്ന നിരവധി പേര്‍ക്കു സ്മാര്‍ട്ട് ഫോണുണ്ട്. എന്നാല്‍, ഡിജിറ്റല്‍ ഡിവൈഡിന്റെ ഗൗരവം മനസ്സിലാവണമെങ്കില്‍ ചില കണക്കുകള്‍ നാം ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് അക്സസ് ഉള്ളത്. ഗ്രാമപ്രദേശത്താകട്ടെ അത് 25 ശതമാനം മാത്രമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതില്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ആദിവാസികളടക്കമുള്ള അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ ഭാഗമായി കാണുന്ന ഒരാളിലും ഉളവാകാത്ത ചോദ്യമായിരുന്നു നേരത്തെ ഉയര്‍ന്നുവന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുമായിരുന്ന ഡിജിറ്റല്‍ ഡിവൈഡിനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നമ്മള്‍ മറികടന്നത്. അന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്തിനാണ് കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് എന്ന് ചോദിച്ചവരുണ്ട്. അന്ന് അതുകേട്ട് പിന്നോട്ടുപോയിരുന്നെങ്കില്‍ ഇന്ന് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായി നാം കേരളം മാറുമായിരുന്നില്ല. എന്നു മാത്രമല്ല, കോവിഡ് ഘട്ടത്തില്‍ വിദ്യാഭ്യാസ രംഗത്തു നിന്നുതന്നെ ഒരു വിഭാഗം കുട്ടികള്‍ കൊഴിഞ്ഞു പോയേനേ. അതിവിടെ സംഭവിച്ചില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണ സംസ്‌കാരത്തിന്  ആലോചിക്കാന്‍ കൂടി സാധ്യമല്ല അത്തരമൊരു അവസ്ഥ.

സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ ഇത്തരത്തില്‍ എതിരു പറയുന്നവരുണ്ട്. സാധാരണക്കാരന് എന്തിനാണ് ഇന്റര്‍നെറ്റ്, സാധാരണക്കാരന് എന്തിനാണ് നൂതന ഗതാഗത സൗകര്യങ്ങള്‍ അങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ലോകം മുഴുവന്‍ മാറുന്നത് ഇവര്‍ കാണുന്നില്ലേ? കുടില്‍വ്യവസായങ്ങള്‍ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ഈ കാലത്തും അപരിഷ്‌കൃതമായ ചിന്തകളുമായി നടക്കുന്ന ഇക്കൂട്ടര്‍ നാടിനെ പിന്നോട്ടടിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം വികസനം എന്നത് ഏതാനും വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണ്. എന്നാല്‍, ഇവിടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് വികസനം.
 
ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കിയും മുന്നേറുമ്പോള്‍ തന്നെ അതൊക്കെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കുന്നു എന്ന് ഉറപ്പുവരുത്തുക കൂടിയാണ്. ആ കാഴ്ചപ്പാടോടെയാണ് ഓണ്‍ലൈനായി പൊതുസേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതിനോടകം 900 ത്തില്‍ അധികം സേവനങ്ങളാണ് ഓണ്‍ലൈനായി മൊബൈല്‍ ആപ്പ് മുഖേനയോ വെബ്സൈറ്റ് മുഖേനയോ ഒക്കെ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം തന്നെ അവശര്‍ക്കും അംഗപരിമിതര്‍ക്കുമായി സര്‍ക്കാര്‍ സേവനങ്ങള്‍  അവരുടെ വാതില്‍പ്പടിയില്‍ എത്തിക്കുകയുമാണ്.

പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈയും വീടുകളിലും ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഹൈസ്പീഡ് ഇന്റര്‍നെറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളും എല്ലാം ലഭ്യമാക്കിക്കൊണ്ട് മാത്രമല്ല കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നത്. കേരളത്തിന് വലിയ സാധ്യതകളുള്ള ഐ ടി മേഖലയിലാകെ വലിയ മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് കൂടിയാണ്.

ഐ ടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുകൊണ്ട് അതിലേക്ക് ചുവടുവെച്ച ആദ്യ സംസ്ഥാനമാണ് കേരളം. വലിയ ദീര്‍ഘവീക്ഷണത്തോടെയാണ് 33 വര്‍ഷം മുമ്പ് 1990 ല്‍, രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കിന് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ തിരുവനന്തപുരത്തു തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും ഈ കേരളത്തില്‍ തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്.

2016 തൊട്ട്  കേരളത്തിന്റെ ഐ ടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റമാണ്. 2016 ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ല്‍ അത് 17,536 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നു. അതായത്, ആറു വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവ്. 2016 ല്‍ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കില്‍ 2022 ല്‍ അത് 1,106 ആയി വര്‍ദ്ധിച്ചു. ഐ ടി ജീവനക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2016 ല്‍ 78,068 പേരാണ് ഐ ടി പാര്‍ക്കുകളില്‍ തൊഴിലെടുത്തിരുന്നത് എങ്കില്‍ ഇന്നത് 1,35,288 ആയി ഉയര്‍ന്നിരിക്കുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 2022-23 ല്‍ 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ഐ ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രം നമ്മള്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 78 കമ്പനികളാണ് 2,68,301 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തായി കേരളത്തില്‍ പുതിയ ഐ ടി ഓഫീസുകള്‍ ആരംഭിച്ചത്. ജി എസ് ടി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്ര സര്‍ക്കാരിന്റെയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസില്‍) അംഗീകാരങ്ങള്‍ കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിച്ചു. 2023 ജൂണ്‍ വരെ ക്രിസില്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചത് മറ്റൊരു അഭിമാനകരമായ നേട്ടമാണ്.

ഐ ടി മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകള്‍ ഫലം കാണുന്നു എന്നാണ് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്. ഐ ടി മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും യുവതലമുറയ്ക്ക് നമ്മുടെ നാട്ടില്‍ തന്നെ മികച്ച തൊഴിലുകള്‍ ഉറപ്പുവരുത്താനുമുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നോളെജ് ഇക്കോണമി മിഷന്‍, യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം, കണക്ട് കരിയര്‍ റ്റു ക്യാമ്പസ്, ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ്.

സമാനമായ മുന്നേറ്റമാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 4,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപവും 43,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബെല്‍ജിയത്തില്‍ നടന്ന ലോക ഇന്‍ക്യുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ്.

കേരളത്തിന്റെ വ്യവസായ മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ അതിന്റെ മികച്ച ഉദാഹരണമാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒരുലക്ഷത്തി നാല്‍പ്പതിനായിരം സംരംഭങ്ങള്‍ തുടങ്ങാന്‍ നമുക്കു സാധിച്ചു. 8,500 കോടി രൂപയുടെ നിക്ഷേപവും മൂന്നുലക്ഷത്തോളം തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്.

സംരംഭക വര്‍ഷ പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് 'മിഷന്‍ തൗസന്‍ഡ്' എന്ന പദ്ധതിയിലൂടെ 1,000 സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ളവയാക്കി വളര്‍ത്താനുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയാണ്. അങ്ങനെ ഒരു ലക്ഷം കോടി രൂപയുടെ വിനിമയമാണ് നമ്മുടെ വ്യവസായ മേഖലയില്‍ പുതുതായി ഉണ്ടാകാന്‍ പോകുന്നത്. നിലവിലുള്ള സംരംഭങ്ങള്‍ അടച്ചുപൂട്ടാതെ മെച്ചപ്പെട്ട നിലയില്‍ തുടര്‍ന്നുപോകുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ഇടപെടലും നടത്തുന്നുണ്ട്. അത്തരത്തില്‍ വ്യവസായമേഖലയില്‍ സുസ്ഥിരത ഉറപ്പുവരുത്തുമ്പോള്‍ തന്നെ ഈ സാമ്പത്തിക വര്‍ഷവും പുതിയ ഒരു ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.

ഇതൊക്കെ നമ്മുടെ സാമ്പത്തിക മേഖലയെയാകെ ചടുലമാക്കിയിരിക്കുകയാണ്. 2016 ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 84 ശതമാനം വര്‍ദ്ധനവ്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു 2016 ല്‍. ഇന്നത് 2.28 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുന്നു. 54 ശതമാനത്തിലധികം വര്‍ദ്ധനവ്.  

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 12 ശതമാനവും വ്യാവസായിക അനുബന്ധ മേഖല 17.3 ശതമാനവും വളര്‍ച്ചയാണ് കൈവരിച്ചത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 65 ശതമാനവും സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് ഇത് 25 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 55 ശതമാനവും. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിധത്തില്‍ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും അതിനടിസ്ഥാനം നല്‍കുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുകയാണ്. ആ വിധത്തില്‍ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന ഒരു സുസ്ഥിര വികസന സമീപനമാണ് കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ലൈഫ് ഭവന പദ്ധതി മുഖേന മൂന്നര ലക്ഷത്തിലധികം വീടുകള്‍ നല്‍കി. മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് ഭൂമി ലഭ്യമാക്കി. മൂന്നര ലക്ഷത്തോളം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണ്. 63 ലക്ഷം ആളുകള്‍ക്കാണ് 1,600 രൂപ നിരക്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്നത്. 42 ലക്ഷത്തിലേറെ  ആളുകള്‍ക്കാണ് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്.

ഇങ്ങനെ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാന്‍ ഉതകുന്ന സമഗ്രമായ ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നിലയിലേക്ക് ഉയര്‍ത്തുകയാണ്. അതിനായി കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യവികസനം എന്നിവയില്‍ ഊന്നുകയാണ്. അതിനൊക്കെ ഉത്തേജനം പകരുന്നതാണ് കെ-ഫോണ്‍ പദ്ധതി.

കെ-ഫോണ്‍ ഒരു പൊതുമേഖലാ സംരംഭമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുകയും വിറ്റുതുലയ്ക്കുകയും ചെയ്യുന്ന നയ-നിലപാടുകള്‍ക്കുള്ള കേരളത്തിന്റെ ബദലാണിത്. കേന്ദ്രം വില്‍പ്പനയ്ക്കുവെച്ച ഭെല്‍ - ഇ എം എല്‍, എച്ച് എന്‍ എല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ബദല്‍ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണിത്. ടെലികോം മേഖലയിലുള്ള ബി എസ് എന്‍ എല്ലിന്റെ ഇന്നത്തെ അവസ്ഥ നമുക്കറിയാം. മുമ്പ് വി എസ് എന്‍ എല്ലിന് എന്താണ് സംഭവിച്ചത് എന്നും നമുക്കറിയാം. എല്‍ ഐ സിയോട് ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനമെന്താണെന്ന് നാം കാണുന്നുണ്ട്. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തില്‍ ബദല്‍ ഉയര്‍ത്തിക്കൊണ്ട് കേരളം പൊതുമേഖലയ്ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ നമ്മള്‍ നടത്തിയിരിക്കുന്നത്.

കെ-ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനായി അക്ഷീണം യത്നിച്ച എല്ലാവരെയും ഈ ഘട്ടത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുകയാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ-ഗവേണന്‍സ് സാര്‍വ്വത്രികമാക്കുന്നതിനും കെ-ഫോണ്‍ സഹായകമാവും. അങ്ങനെ ഇത് നവകേരള നിര്‍മ്മിതിയെ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും.

ആധുനിക കാലത്ത് കേരളം ലോകരാജ്യങ്ങളുടെ ഗതിവേഗത്തിനൊത്തു തന്നെ നീങ്ങുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് വളരെ സന്തോഷത്തോടെ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ-ഫോണ്‍ ജനങ്ങള്‍ക്കു സമര്‍പ്പിച്ചതായി പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
***

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top