21 November Thursday

കെ ഫോൺ സേവനം കൂടുതൽ കേബിൾ ഓപ്പറേറ്റർമാരിലേക്ക്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Jul 22, 2024

കൊച്ചി
ഇന്റർനെറ്റ്‌ പൗരന്മാരുടെ അവകാശമാക്കി, ജില്ലയിൽ കെ ഫോൺ സേവനം കൂടുതൽ കേബിൾ ഓപ്പറേറ്റർമാരിലേക്ക്‌. കണക്‌ഷൻ നൽകാൻ തയ്യാറായി 235 പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഇതുവരെ കെ ഫോണുമായി കരാർ ഒപ്പിട്ടു. ഇവരിൽ 139 പേർക്ക്‌ ഒപ്‌റ്റിക്കൽ ഫൈബർവഴിയുള്ള കെ ഫോണിന്റെ ലിങ്ക്‌ അധികൃതർ കൈമാറി.


കെ ഫോൺ ഏറ്റവും കുറഞ്ഞ താരിഫ്‌ ഒരുമാസത്തേക്ക്‌ ജിഎസ്‌ടി ഉൾപ്പെടെ 353 രൂപയുടെ പ്ലാനാണ്‌. ഇതിൽ സെക്കൻഡിൽ 20 എംബി വേഗമുള്ള ഇന്റർനെറ്റ്‌ ലഭ്യമാകും. 412 രൂപയുടെ പ്ലാനിൽ സെക്കൻഡിൽ 30 എംബി വേഗത്തിൽ ലഭിക്കും. സെക്കൻഡിൽ 250 എംബി സ്‌പീഡ്‌ ലഭിക്കുന്ന പ്ലാനിന്‌ ജിഎസ്‌ടി ഉൾപ്പെടെ 1474 രൂപയാകും. ഇതിനുപുറമെ ആറുമാസത്തെയും ഒരുവർഷത്തെയും പ്ലാനുകളുണ്ട്‌.


ജില്ലയിൽ 97 ശതമാനം പ്രദേശത്തും കെ ഫോൺ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. മെട്രോയുടെയും ദേശീയപാതയുടെയും നിർമാണജോലികൾ നടക്കുന്നതിനാൽ നഗരപ്രദേശങ്ങളിൽ കേബിൾ വലിക്കാനുള്ള തടസ്സം മാറ്റും. വരാപ്പുഴ, വടക്കേക്കര പ്രദേശത്തേക്ക്‌ വലിച്ച കേബിളുകൾ ദേശീയപാത 66 നിർമാണത്തിന്‌ തടസ്സമായതിനാൽ മുറിച്ചുമാറ്റിയിരുന്നു. ഈ സ്ഥലങ്ങളിൽ പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ വാടകയ്‌ക്കെടുത്ത്‌ കെ ഫോണുമായി ബന്ധിപ്പിക്കും.
ആദിവാസിമേഖലകളിൽ വിവിധ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട്‌ ഉപയോഗിച്ച്‌ വൈകാതെ കണക്‌ഷൻ നൽകും.

 
ജില്ലയിൽ ഇതുവരെ 1377 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ കണക്‌ഷൻ എത്തി. 561 വാണിജ്യ കണക്‌ഷനുകൾക്കുപുറമെ ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 384 കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷനും നൽകി.

 
പുതിയ കേബിൾ ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കും കൂടുതൽ വിവരങ്ങൾക്ക്‌ കെ ഫോണിന്റെ 18005704466 എന്ന ട്രോൾ ഫ്രീ നമ്പറിൽ വിളിക്കാം. എന്റെ കെ ഫോൺ ആപ് വഴിയും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top