23 November Saturday

തൊഴിലാളികളുടെ മനസ്സറിഞ്ഞ ജേക്കബ്ബേട്ടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


കൊച്ചി
കൊച്ചി നഗരത്തിന്റെയും അവിടത്തെ തൊഴിലിടങ്ങളുടെയും വികാസപരിണാമങ്ങൾ തൊട്ടറിഞ്ഞ്‌ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെയാണ്‌ കെ ജെ ജേക്കബ്ബിന്റെ വിയോഗത്തിലൂടെ നഷ്‌ടമായത്‌. 1979 മുതൽ 1997 വരെ സിപിഐ എം  എറണാകുളം ഏരിയ സെക്രട്ടറിയായിരുന്ന അദ്ദേഹം പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം, വിവിധ ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹി, കോർപറേഷൻ കൗൺസിലർ എന്നീ നിലകളിലും നഗരത്തിൽ നിറഞ്ഞുനിന്നു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ട ജേക്കബ്ബേട്ടനായിരുന്നു.

എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽനിന്ന്‌ ബോട്ടണിയിൽ ബിരുദപഠനം പൂർത്തിയാക്കി 1970കളിൽ പൊതുപ്രവർത്തനരംഗത്തെത്തി. കെഎസ്‌വൈഎഫ്‌ കണയന്നൂർ താലൂക്ക്‌ വൈസ്‌ പ്രസിഡന്റായിരുന്നു. നഗരം കേന്ദ്രീകരിച്ചായിരുന്നു  പ്രവർത്തനം. എറണാകുളം സീലോർഡ്‌ ഹോട്ടൽ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ ഒരുവർഷം നീണ്ട സമരത്തിന്‌ നേതൃത്വം നൽകി. എറണാകുളം ഹോട്ടൽ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായിരുന്നു.കൊച്ചി കോർപറേഷനിൽ 2010–-15 വരെ പ്രതിപക്ഷനേതാവായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവച്ചു. ഫോർട്ട്‌ കൊച്ചിയിൽ 2015ൽ യാത്രാബോട്ട് മറിഞ്ഞ് എട്ടുപേർ മരിച്ചതിൽ നടപടി ആവശ്യപ്പെട്ട്‌ കൊച്ചി കോർപറേഷനുമുന്നിൽ നിരാഹാരസമരം നടത്തി.

സിഐടിയു അഖിലേന്ത്യ കൗൺസിലിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്നു. ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌, സിനിമ തിയറ്റർ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌, കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌, കൊച്ചിൻ ഷിപ്‌യാർഡ്‌ വർക്കേഴ്‌സ്‌ യൂണിയൻ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു.

പാർടിക്കും ബഹുജന പ്രസ്ഥാനങ്ങൾക്കും 
വലിയ നഷ്‌ടം: സിപിഐ എം
കെ ജെ ജേക്കബ്ബിന്റെ വിയോഗം ജില്ലയിലെ പൊതു ജനാധിപത്യപ്രസ്ഥാനത്തിനും വർഗബഹുജന സംഘടനകൾക്കും വലിയ നഷ്‌ടമാണെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

വിദ്യാർഥികാലംമുതൽ നഗരത്തിൽ പാർടി കെട്ടിപ്പടുക്കാൻ പരിശ്രമിച്ച നേതാവാണ്‌ കെ ജെ ജേക്കബ്‌. സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽ ബിരുദപഠനത്തിനുശേഷം പാർടി ആവശ്യപ്പെട്ടപ്രകാരം ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയായും പിന്നീട്‌ തൃക്കാക്കര മണ്ഡലത്തിലെ പ്രദേശങ്ങൾകൂടി ഉൾപ്പെട്ട എറണാകുളം ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. കരുത്തുറ്റ പാർടി ബ്രാഞ്ചുകളും വർഗബഹുജന സംഘടനകളും ഇക്കാലത്ത്‌ രൂപീകരിച്ചു.

അന്നത്തെ കാലത്ത്‌ ബിരുദപഠനം പൂർത്തിയാക്കിയ ആളെന്ന നിലയ്‌ക്ക്‌ ആഗ്രഹിക്കുന്ന മേഖലകളിൽ ഉയർന്നുവരാനുള്ള സാധ്യതകളുണ്ടായിരുന്നു. അതൊന്നും വേണ്ടെന്നുവച്ചാണ്‌ കമ്യൂണിസ്റ്റ്‌ പാർടി  പ്രവർത്തനങ്ങൾക്കായി ഇറങ്ങിയത്‌. സഭയ്‌ക്കും മതമേധാവികൾക്കും സ്വാധീനമുള്ള  നഗരത്തിൽ ഏറെ ശ്രമകരമായ കാര്യംതന്നെയായിരുന്നു അത്‌. ജില്ലാ കമ്മിറ്റി അംഗം എന്നനിലയിൽ അവസാനഘട്ടംവരെ സജീവമായ പ്രവർത്തനം തുടർന്നു.

ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു. നിരവധി ട്രേഡ്‌ യൂണിയനുകൾക്ക്‌ നേതൃത്വം നൽകി. ജില്ലയിലെയും പ്രത്യേകിച്ച്‌ നഗരത്തിലെയും പാർടിക്കും ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തിനും കെ ജെ ജേക്കബ്ബിന്റെ വിയോഗം കനത്ത നഷ്‌ടമാണെന്നും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ആദരാഞ്‌ജലി അർപ്പിച്ച്‌ നാട്‌
മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ്ബിന്‌ അന്ത്യാഞ്‌ജലി അർപ്പിച്ച്‌ നാട്‌. ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിലും കലൂർ ആസാദ്‌ റോഡ്‌ വൈലോപ്പിള്ളി ലെയ്‌നിലെ വീട്ടിലും പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ നിരവധിപേർ ആദരാഞ്‌ജലി അർപ്പിച്ചു. ചൊവ്വ പകൽ മൂന്നിന്‌ സംസ്‌കാരത്തിനുശേഷം കതൃക്കടവ്‌ പാരിഷ് ഹാളിൽ അനുശോചനയോഗം ചേരും.

തിങ്കൾ വൈകിട്ട്‌ നാലിന്‌ ലെനിൻ സെന്ററിൽ എത്തിച്ച മൃതദേഹത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, എസ്‌ സതീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു.

പ്രൊഫ. എം കെ സാനു, വ്യവസായമന്ത്രി പി രാജീവ്‌, വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ് ജോസഫ് കരിയിൽ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ടി ജെ വിനോദ്‌, മേയർ എം അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ ടി എ ഷാജി, അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക്‌ എം ചെറിയാൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌, സെക്രട്ടറി പി ആർ മുരളീധരൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, നേതാക്കളായ ജോസ്‌ തെറ്റയിൽ, പി രാജു, പി ജെ കുഞ്ഞുമോൻ, മാത്യൂസ്‌ കോലഞ്ചേരി, ടി പി അബ്‌ദുൾ അസീസ്‌, ജയ്‌സൺ പാനികുളങ്ങര, ബാംബൂ കോർപറേഷൻ ചെയർമാൻ ടി കെ മോഹനൻ, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ, കലാഭവൻ കെ എസ്‌ പ്രസാദ്‌, സിഐസിസി ജയചന്ദ്രൻ തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top