21 November Thursday

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്‌ കെ കെ പ്രതാപൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ആലപ്പുഴ > സംസ്ഥാന അധ്യാപക അവാർഡ്  ജേതാവും കായികാധ്യാപകനും ആയിരുന്ന ചാരമംഗലം കൊല്ലശേരി വെളി കെ കെ പ്രതാപൻ (63) അന്തരിച്ചു.
സിപിഐ എം മാന്നാറ്റുവെളി ബ്രാഞ്ച് അംഗമാണ് പ്രതാപൻ.

ദീർഘദൂര ഓട്ടക്കാരനായിരുന്ന കെ കെ പ്രതാപൻ സ്കൂൾ വിദ്യാഭ്യാസ ശേഷം അച്ഛനോടൊപ്പം ചെത്തുതൊഴിലാളിയായി മാറി.കായിക മേഖലയിൽ ഗുരുവായിരുന്ന  ആർ ശശി പ്രതാപനെ ഈ  തൊഴിൽ മേഖലയിൽ നിന്നും മാറ്റി കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ചേർത്തു.  1989 ൽ ഇറവങ്കര സ്കൂളിൽ കായികാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1990 മുതൽ 2017 വരെ ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസിൽ ജോലി നോക്കി. ഇക്കാലയളവിലാണ് സ്കൂൾ ടീം തുടർച്ചയായി ഉപ ജില്ലയിലും റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിലും ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്. ഒളിമ്പിക്സിൽ അടക്കം പങ്കെടുത്ത കായികതാരങ്ങളെ വാർത്തെടുക്കാൻ പ്രതാപന് കഴിഞ്ഞു. കൂടാതെ പ്രതാപന്റെ പരിശീലനത്തിലൂടെ 500 ലേറെ പേർ വിവിധ സർക്കാർ സർവീസുകളിൽ ജോലി നോക്കുന്നു. സ്കൂളിൽ പച്ചക്കറിയും നെൽകൃഷിയുമൊക്കെ ചെയ്ത് കുട്ടികൾക്ക് പുതിയ കാർഷിക സംസ്കാരം പകർന്നു കൊടുത്തു. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ഒരുക്കാനും  മുൻനിന്ന് പ്രവർത്തിച്ചു. മൂന്നു തവണ മികച്ച കായിക അധ്യാപകനുള്ള ജി വി രാജ അവാർഡ്, 2015 ൽ സംസ്ഥാന അധ്യാപക അവാർഡ്, കൃഷി വകുപ്പിന്റെ ജില്ലയിലെ മികച്ച കാർഷിക അധ്യാപകനുള്ള അവാർഡ്, ശുചിത്വ മിഷൻ അവാർഡ്  തുടങ്ങിയവ പ്രതാപനെ തേടിയെത്തി.
വിരമിച്ചതിനു ശേഷം  സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും പച്ചക്കറികൾ കൃഷി ചെയ്‌തു വരികയായിരുന്നു. കൂടാതെ പ്രതാപ്ൻസ് സ്പോർട്സ് അക്കാദമി എന്ന സ്ഥാപനവും തുടങ്ങി.
 
കഞ്ഞിക്കുഴി പഞ്ചായത്തിലെ സാക്ഷരത പ്രവർത്തകൻ, ജനകീയാസൂത്രണ ഫാക്കൽറ്റി, കഞ്ഞിക്കുഴിയിലെ പഞ്ചായത്ത്‌ ഡെവലപ്മെന്റ് സൊസൈറ്റി മെമ്പർ സെക്രട്ടറി  എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ, അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ചേർത്തല കാളികുളം കൊല്ലശേരി വെളി പരേതരായ കേശവന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എസ് രാധ ( റിട്ട.ഐസിഡിഎസ്  സൂപ്പർ വൈസർ ). മക്കൾ: പ്രവീണ (കായികാധ്യാപിക, എസ്എസ്എ) കെ പി പ്രശാന്ത് ( എയർഫോഴ്‌സ്, കമാൻഡർ, ദില്ലി ). മരുമകൻ: സൂരജ് ( സ്വകാര്യ ബാങ്ക് ജീവനക്കാരൻ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top