മട്ടന്നൂർ
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ തിരിക്കിനിടയിൽ വീട്ടിലേക്കൊരു മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാഴ്‌ചയിൽ കൂടുതൽ വീട്ടിൽനിന്ന് മാറിനിന്നിട്ടില്ലാത്ത മന്ത്രി മൂന്നു മാസത്തിനുശേഷമാണ് പഴശ്ശിയിലെ ‘ആരതി’യിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് കാറിൽ ശനിയാഴ്‌ച രാവിലെയാണ് വീട്ടിലെത്തിയത്. ഒരുദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ച് ഞായറാഴ്‌ചതന്നെ തിരിച്ചുപോവുകയും ചെയ്‌തു.
‘‘വീരാജ്‌പേട്ടയിലെ ബിഎഡ് പഠനത്തിനിടയിലും പിന്നീട് വിദേശയാത്രയിലുമാണ് കൂടുതൽ ദിവസം വീട്ടിൽനിന്ന് വിട്ടുനിന്നത്. ഇത്രയും ദിവസം വീടും നാടും വിട്ടുനിൽക്കുന്നത് ഇത് ആദ്യം’’–- ശൈലജ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ടെൻഷൻ കുറഞ്ഞോ എന്ന ചോദ്യത്തിന്, എവിടെയായാലും ടെൻഷൻ ഫ്രീ അല്ലെന്നായിരുന്നു മറുപടി.
ഫെബ്രുവരി 18നാണ് മന്ത്രി ശൈലജ കഴിഞ്ഞ തവണ പഴശ്ശിയിലെ വീട്ടിൽ എത്തിയത്. കേരളത്തിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതു മുതൽ തിരുവനന്തപുരത്തുതന്നെ കേന്ദ്രീകരിച്ചു. ജാഗ്രതയോടെ ഒന്നും രണ്ടും ഘട്ടങ്ങൾ പിന്നിട്ട് മൂന്നാംഘട്ടത്തിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത അൽപ്പമൊന്നു ശമിച്ചപ്പോഴാണ് വീട്ടിലെത്തിയത്. മൂന്നു മാസത്തിനുശേഷം അച്ഛമ്മയെക്കണ്ട പേരക്കുട്ടി ഇഫയ ജഹനാര അരികിൽനിന്ന് മാറിയതേയില്ല. ഭർത്താവ് കെ ഭാസ്‌കരൻ, മകൻ ലസിത്ത്, മരുമകൾ മേഘ എന്നിവരും വീട്ടിലുണ്ടായി.
വീട്ടിലായിട്ടും വിശ്രമിക്കാൻ സമയമൊന്നും ലഭിച്ചില്ല. വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗം. തുടർന്ന്, വകുപ്പുതല യോഗം. വിവിധ ആശുപത്രികളിലും മറ്റും ഫോണിൽ വിവരം ആരായൽ. ഇടയ്‌ക്ക്, മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ ഇടപെടൽ. ഞായറാഴ്‌ച വീഡിയോ കോൺഫറൻസിങ്ങിലൂടെ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സെമിനാറിലും പങ്കെടുത്തു. തുടർന്ന്, കോവിഡ് അവലോകനവും വിവരശേഖരണവും. ഇതിന്റെ വിവരം മുഖ്യമന്ത്രിക്ക് കൈമാറിയശേഷമാണ് വൈകിട്ട് കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..