15 November Friday

രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60% കേരളത്തിൽ : കെ എൻ ബാലഗോപാൽ

സ്വന്തം ലേഖകൻUpdated: Friday Oct 11, 2024


തിരുവനന്തപുരം
രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും നടന്നത്‌ കേരളത്തിലാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പതിനായിരം പുതിയ തസ്‌തികയാണ്‌ സൃഷ്ടിച്ചത്‌. 2016 മുതൽ 30,000 തസ്തികകളും സൃഷ്ടിച്ചു. കോവിഡ്‌ സമയത്ത്‌ രാജ്യത്ത്‌ നടന്ന നിയമനങ്ങളിൽ 70 ശതമാനവും കേരളത്തിലായിരുന്നു. 2023ൽ 34,410 നിയമനം നടത്തിയ കേരളമാണ്‌ ഒന്നാമത്‌. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാട്ടിൽ 12,000 നിയമനം മാത്രമാണ്‌ നടന്നത്‌.

നിയമന സംവരണത്തിലും കേരളമാണ്‌ മുന്നിൽ. 2023ൽ എസ്‌സി വിഭാഗത്തിൽ 2673, എസ്‌ടി വിഭാഗത്തിൽ 2260, ഒബിസി വിഭാഗത്തിൽ 11,921 പേർക്കും നിയമനം നൽകി. ക്ലാസ്‌ 4 നിയമനങ്ങൾ കരാർവൽക്കരിച്ചത്‌ കോൺഗ്രസ്‌ കേന്ദ്രം ഭരിക്കുമ്പോഴാണ്‌. കേന്ദ്രസർക്കാരിന്‌ കീഴിൽ പത്ത്‌ ലക്ഷം തസ്തികയാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌. സൈന്യത്തിൽ കേന്ദ്രം കരാർവൽക്കരണം നടപ്പാക്കി. റെയിൽവേയിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്‌. കേരളത്തിൽ 24 ലക്ഷം അതിഥി തൊഴിലാളികൾ വരുന്നുവെന്നാണ്‌ കണക്കുകൾ. കേരളത്തിന്റെ സാമ്പത്തിക, തൊഴിൽ, പൊതുജീവിത രംഗം മെച്ചപ്പെട്ടതാണെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

യുഡിഎഫ്‌ കാലത്ത്‌ സംസ്ഥാനത്ത്‌ നിയമന നിരോധനമാണ്‌ നടപ്പാക്കിയത്‌. സർക്കാർ ജീവനക്കാർക്ക്‌ ആനുകൂല്യങ്ങൾ നൽകില്ലെന്ന്‌ പ്രഖ്യാപിച്ചത്‌ ആന്റണി സർക്കാരാണ്‌. ഇപ്പോൾ സർക്കാർ ജീവനക്കാർക്ക്‌ കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന സംസ്ഥാനമാണ്‌ കേരളം. ഇത്‌ കേരളത്തിന്‌ പുറത്തുപോകുമ്പോഴെങ്കിലും അഭിമാനത്തോടെ പറയാൻ കഴിയണം. പൊലീസിൽ ഓരോ വർഷവും റാങ്കുപട്ടിക പുറത്തിറക്കുകയെന്നതാണ്‌ നയം. പൊലീസിൽ മാത്രം 6000 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഏതാനം വർഷങ്ങളിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ  ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളമെന്നും മന്ത്രി പറഞ്ഞു.  പി സി വിഷ്‌ണുനാഥ്‌ അവതരിപ്പിച്ച നോട്ടീസിന്‌ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയസഭയിൽ നിന്ന് ഇറങ്ങിപ്പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top