തിരുവനന്തപുരം
പ്രതിപക്ഷം കേരളത്തെ പരാജയപ്പെടുത്താൻ നിൽക്കരുതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭരണപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയമാണ്. അതു മനസിലാക്കാം. എന്നാൽ, കേരളം തകരുന്നുവെന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് ശരിയാണോ? ഇത്തരം പ്രചാരണം കേരളത്തെയാണ് ബാധിക്കുക. സംസ്ഥാനത്തിന്റെ താൽപ്പര്യം മാനിക്കാത്ത ഈ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുമെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ മന്ത്രി മറുപടി നൽകി.
കേന്ദ്രധനമന്ത്രിയുടെ വാദം അതുപോലെ ആവർത്തിക്കുകയാണ് പ്രതിപക്ഷം. കേരളത്തിലാകെ സാമ്പത്തിക ബുദ്ധിമുട്ടാണ്, ആർക്കും ഒന്നും ലഭിക്കുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇത് യാഥാർഥ്യത്തിന് നിരക്കാത്തതാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭാരിച്ച ചെലവുകൾ നിർവഹിക്കുന്ന സർക്കാരാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വർഷം ശരാശരി 75,000 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1,13,000 കോടി രൂപയായി. ഈ സർക്കാരിന്റെ കാലത്ത് 1,60,000 കോടിയായാണ് വർധിച്ചത്.
ട്രഷറിവഴി ഈ സാമ്പത്തിക വർഷം ഇതുവരെ ചെലവാക്കിയത് 94,882 കോടിയാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ 85,070 കോടിയായിരുന്നു. തനതുവരുമാനത്തിൽ 2023–-24ൽ 64.10 ശതമാനം വർധിച്ചു. നികുതിയേതര വരുമാനത്തിലും വർധനയുണ്ട്. കേരളത്തിന്റെ കടം 2020–-21ൽ 38.41 ശതമാനമായിരുന്നത് 2023–-24ൽ 33.4 ശതമാനമായി കുറഞ്ഞു. 2021-–-22ൽ കേന്ദ്ര സർക്കാരിൽനിന്ന് വിവിധ ഇനങ്ങളിലായി 47,837 കോടിരൂപ കേരളത്തിന് ലഭിച്ചു. കഴിഞ്ഞ വർഷം 33,811 കോടിയായി കുറഞ്ഞു. സംസ്ഥാന പദ്ധതിയിൽ താൽക്കാലിക ക്രമീകരണമാണ് വരുത്തിയത്. സ്ഥിതിമാറുമ്പോൾ ക്രമീകരണങ്ങൾ ഒഴിവാക്കും. പദ്ധതി വെട്ടിക്കുറയ്ക്കുന്നത് സർക്കാർ നിലപാടല്ല. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താനായി.
കേരളം ശ്രീലങ്ക ആകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ, ശ്രീലങ്കയും കേരളത്തിന്റെ പാത സ്വീകരിക്കുന്നുവെന്നതാണ് അനുഭവം. സങ്കുചിത കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങളുമായി ബിജെപിയുടെ രാഷ്ട്രീയ പ്രചാരവേലകൾക്കൊപ്പം പ്രതിപക്ഷം നിൽക്കുന്നത് നിരാശാജനകമാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..