22 December Sunday

പ്രൊഫ. കെ എൻ രാജിന്റെ സംഭാവനകൾ കരുത്തുപകരും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തിരുവനന്തപുരം> എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ പ്രൊഫ. കെ എൻ രാജിന്റെ സംഭാവനകൾ കരുത്തുപകരുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉള്ളൂരിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്‌ (സിഡിഎസ്) സംഘടിപ്പിച്ച പ്രൊഫ. കെ എൻ രാജ് ജന്മശതാബ്ദി ആഘോഷവും സുവനീർ പ്രകാശനവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനുതന്നെ മഹത്തായ സംഭാവന നൽകിയ അതുല്യ പ്രതിഭയായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. കെ എൻ രാജ്. ആദ്യത്തെ പഞ്ചവത്സര പദ്ധതി രൂപീകരിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. ഡൽഹി സർവകലാശാല വി സിയായിരിക്കെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.

ഉന്നതമായ സ്ഥാനം ഉപേക്ഷിച്ചാണ് കേരളത്തിലെത്തി സിഡിഎസ് സ്ഥാപിച്ചത്. ലോകത്തെ തന്നെ പ്രമുഖ സാമൂഹിക ശാസ്ത്ര സ്ഥാപനങ്ങളിലൊന്നായി സിഡിഎസ് വളർന്നു. സമകാലിക രാഷ്ട്രീയ ചർച്ചകളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൗരാവകാശങ്ങൾ ലംഘിക്കുന്നതിനെ അദ്ദേഹം വിമർശിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കെ എൻ  രാജിന്റെ ജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന സ്മരണിക മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. സിഡിഎസ് ചെയർമാൻ പ്രൊഫ. സുദിപ്തൊ മണ്ഡൽ അധ്യക്ഷനായി. ഡയറക്ടർ പ്രൊഫ. സി വീരമണി,  ഡോ. ടി എം തോമസ് ഐസക്ക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി കെ രാമചന്ദ്രൻ, കെ എം ചന്ദ്രശേഖർ, ഡൽഹി സ്കൂൾ ഒഫ് എക്കണോമിക്സ് ഡയറക്ടർ പ്രൊഫ. രാംസിങ്,  പ്രൊഫ. പി എൽ ബീന എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി  പ്രഭാഷണങ്ങളും ചർച്ചകളും നടന്നു.പ്രൊഫ. കെ എൻ രാജിന്റെ ചരമദിനമായ ഫെബ്രുവരി 10ന് ഡെവലപ്മെന്റ് റിസർച്ചേഴ്‌സ് ദിനമായി ആചരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിഡിഎസിനോട് നിർദേശിച്ചു. ഗവേഷണ അധ്യാപക മേഖലയിൽ പരിചയസമ്പന്നരായവരെ ഉൾപ്പെടുത്തി ഈ ദിനത്തിൽ സെമിനാറുകളും സംഘടിപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top